ശാസ്ത്രം വെളിച്ചമാകുന്നു

Friday 28 October 2011

18.ഭ്രൂണോപാസന

ഏതൊരു ജീവിയുടേയും ഭ്രൂണം ബീജവും അണ്ഡവും ചേര്‍ന്നുണ്ടാകുന്ന സിക്താണ്ഡമാണ്. അണ്ഡത്തിനും ബീജത്തിനും
 ജീവനുണ്ട്. അതുകൊണ്ട് തന്നെ സംയോജിച്ചുണ്ടാകുന്ന സിക്താണ്ഡത്തിനും ജീവനുണ്ട്. രണ്ടിലും 23 ക്രോമസോമുകള്‍. സിക്താണ്ഡത്തില്‍ കൃത്യം 46 ക്രോമസോമുകള്‍. ഒന്നും കൂട്ടിച്ചേര്‍ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യപ്പെടുന്നില്ല;പുതിയതായി ജീവനും ഉണ്ടാകുന്നില്ല. ഇന്ന് ശരീരകോശങ്ങളില്‍ നിന്ന് പുതിയ തലമുറയെ ക്‌ളോണ്‍ ചെയ്‌തെടുക്കാമെന്നിരിക്കെ ഭ്രൂണവും ജീവനും സംബന്ധിച്ച പ്രാചീന മതസങ്കല്‍പ്പങ്ങളൊക്കെ കെട്ടുകഥകളായി പരിമിതപ്പെട്ടു. എന്നാല്‍ മതം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് കരുതരുത്. മനുഷ്യഭൂണങ്ങള്‍ സത്യത്തില്‍ മനുഷ്യജീവനാണ്. അതുകൊണ്ടുതന്നെ
മതമൗലികവാദികളെ സംബന്ധിച്ചിടത്തോളം ഭ്രൂണഹത്യ കൊലപാതകം തന്നെയാണ്.



ജനിപ്പിക്കാന്‍ മാത്രമെ മനുഷ്യന് അവകാശമുള്ളു(അതും ദൈവം തരുന്നതാണ്, മനുഷ്യന് പങ്കൊന്നുമില്ല!). കൊല്ലാന്‍ അവനനുവാദമില്ല. അത്ര നിര്‍ബന്ധമാണെങ്കില്‍ കോഴി, കന്നുകാലികള്‍, മുയല്‍ തുടങ്ങിയ ജീവികളുടെ കണ്ഠനാളം മുറിക്കുക. തിന്നാനായി കൊല്ലാം, കൂടുതല്‍ കൊല്ലാനായി തിന്നുകയും ചെയ്യാം. ദൈവം കൊടുത്തതാണെങ്കിലും അത്തരം ജീവനുകളെടുത്ത് ദൂരെക്കളയുന്നതില്‍ ദൈവത്തിനും പരാതിയില്ല. ജീവന്‍ എന്നു പറയുമ്പോള്‍ കേരള കോണ്‍്ഗസ്സ് (ബി) എന്നൊക്കെ പറയുന്നതുപോലെ ജീവന്‍(മ) എന്നാകണമെന്ന് ദൈവത്തിന് നിര്‍ബന്ധമുണ്ടത്രെ! ഭ്രൂണത്തിന്റെ ജീവന്‍ നശിപ്പിക്കുമ്പോള്‍ കാണിക്കുന്ന വേവലാതിയൊന്നും മുതിര്‍ന്ന മനുഷ്യരുടെ ജീവന്‍ എടുക്കുമ്പോള്‍ ഇക്കൂട്ടര്‍ക്കില്ല. ക്രിസ്ത്യാനികള്‍ക്കിടയില്‍ ഭൂണഹത്യയെ(ഗര്‍ഭഛിദ്രം) ഏറ്റവും ശക്തമായി എതിര്‍ക്കുന്നത് റോമന്‍ കത്തോലിക്കരാണ്. മനുഷ്യജീവന്റെ ഏറ്റവും വലിയ സംരക്ഷകര്‍ അവരാണത്രെ. പക്ഷേ, ഒരു നിബന്ധന മാത്രം-ആ മനുഷ്യന്‍ ഒരു കത്തോലിക്കാ ഭ്രൂണമായിരിക്കണം, അല്ലെങ്കില്‍ മരണാസന്നനായ ഒരു രോഗി! ഗര്‍ഭഛിദ്രത്തിനെതിരെ ആഞ്ഞടിക്കുന്നതുപോലെ അവര്‍ ദയാവധത്തെയും(Euthnasia or Mercy killing) എതിര്‍ക്കും. കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെ ആസന്നമരണവും കാത്ത്, അനുനിമിഷം നരകീയമായ വേദനയില്‍ പുളഞ്ഞ്, ശത്രുക്കള്‍ക്കുപോലും കണ്ടുനില്‍ക്കാനാവാത്ത ശോചനീയമായ അവസ്ഥയില്‍ ചത്തതിനൊക്കുമേ 'ജീവിച്ചിക്കുന്ന' രോഗികളെ കൊല്ലുന്നതും കൊലപാതകമാണ്. 


മനുഷ്യനെ കൊല്ലാം; പക്ഷേ, ഭ്രൂണവും മരണാസന്നനായ രോഗിയും അങ്ങനെയല്ല.
George W Bush
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്‌ളിയു ബുഷ് ഗര്‍ഭഛിദ്രത്തിനെതിരെയുള്ള വലിയ പ്രചാരകനാണ്. അദ്ദേഹം ടെക്‌സാസില്‍ ഗവര്‍ണറായിരിക്കുമ്പോള്‍ ഏറ്റവുമധികം വധശിക്ഷ നടപ്പിലാക്കിയ ഭരണാധികാരിയെന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു. ഓരോ ഒമ്പതുദിവസം കൂടുമ്പോഴും ഒരാള്‍ ബുഷിന്റെ ടെക്‌സസില്‍ വധിക്കപ്പെട്ടുകൊണ്ടിരുന്നു! അമേരിക്കയില്‍ നടപ്പിലാക്കപ്പെടുന്ന മൊത്തം വധശിക്ഷയില്‍ മൂന്നിലൊന്നും റിപബ്ലിക്കന്‍ ഭരണം നിലനില്‍ക്കുന്ന ടെക്‌സസിലാണെന്നതും പരിഗണിക്കണം. വധശിക്ഷ ഒട്ടുമിക്ക രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. കുറ്റവാളിയെ കൊല്ലുന്നതിലൂടെ പ്രാകൃതമായ നീതി മാത്രമാണ് നടപ്പിലാകുന്നത്. കുറ്റവാളിക്ക് തെറ്റുതിരുത്താനോ സ്വയം നവീകരിക്കാനോ അവസരമില്ല. വധശിക്ഷയെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തിക്കാണിക്കുന്നതും മനുഷ്യജീവന്റെ മാഹാത്മ്യമാണ്.


സി.എന്‍.എന്‍ റിപ്പോര്‍ട്ടറായിരുന്ന ടക്കര്‍ കാള്‍സണ്‍ (Tucker Carlson) വധശിക്ഷയെ അനുകൂലിക്കുന്നയാളാണ്. പക്ഷേ, ടക്കര്‍ ഒരിക്കല്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം വലിയ കോളിളക്കമുണ്ടാക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു തടവുകാരി ശിക്ഷ തടയണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ട് നിറകണ്ണുകളുമായി ഗവര്‍ണ്ണറായിരുന്ന ബുഷിന്റെ മുന്നിലെത്തി. ഹൃദയം ദ്രവീകരിക്കുന്ന ഭാഷയില്‍ ആ സ്ത്രീ ബുഷിനോട് ജീവനുവേണ്ടി കേണപേക്ഷിച്ചു. ബുഷ് കനിഞ്ഞില്ല. പക്ഷേ, പിന്നീടവരുടെ അപേക്ഷ ചുണ്ട് കോട്ടി ഹാസ്യാത്മകമായി സ്വയം അനുകരിച്ച് കാണിക്കുന്ന ബുഷിനെ കണ്ട ടക്കര്‍ ഞെട്ടിപ്പോയി. ആ തടവുകാരി സ്വന്തം ജീവനുവേണ്ടി പ്ലീസ്...പ്ലീസ്... എന്ന് വിതുമ്പിക്കൊണ്ടിരുന്നതിനെ ബുഷ് അവജ്ഞകലര്‍ന്ന ചിരിയോടെ അതേപടി ടക്കറോട് മിമിക്രിപോലെ അനുകരിച്ചു. കാണിച്ചു. പിച്ചകൊടുത്തില്ലെങ്കിലും പട്ടിയെവിട്ട് കടിപ്പിക്കരുതെന്ന സാമാന്യമര്യാദപോലും ഗവര്‍ണര്‍ ബുഷ് പാലിച്ചില്ല. അദ്ദേഹമാണ് ഭ്രൂണങ്ങളുടെ കാവല്‍മാലാഖയായി വേഷം കെട്ടുന്നത്. ആസന്നമരണം കാത്തുകിടക്കുന്നവരുടെ 'രക്ഷകനായി'രംഗത്തവതരിക്കുന്നതും ഇതേ മഹാന്‍ തന്നെ. ഒരുപക്ഷേ, താനും പണ്ടൊരു ഭ്രൂണമായിരുന്നുവെന്ന് ആ സ്ത്രീ ബുഷിനോട് പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് ബുഷില്‍നിന്ന് കുറേക്കൂടി മാന്യമായ പെരുമാറ്റം ലഭിച്ചേനെ.


Mother Teresa
മദര്‍തെരേസ നോബേല്‍ പുരസ്‌കാരം സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടെ പറഞ്ഞു: ''സമാധാനത്തിന്റെ ഏറ്റവും വലിയ ശത്രു ഭ്രൂണഹത്യയാണ്''(`The greatest destroyer of peace is abortion'). ഇത്ര വിലക്ഷണമായരീതിയില്‍ അഭിപ്രായം പറയുന്ന നോബേല്‍സമ്മാനജേതാവിന്റെ വ്യക്തിത്വത്തെ കുറിച്ച് കൂടുതലറിയാന്‍ ക്രിസ്റ്റഫര്‍ ഹിച്ചന്‍സിന്റെ `The Missionary Postion: Mother Theresa in Theory and Practice' എന്നഗ്രന്ഥം വായിച്ചുനോക്കിയാല്‍ മതിയാകും. മദര്‍തരേസ പില്‍ക്കാലത്ത് അവിശ്വാസിയായി മാറി എന്ന രീതിയില്‍  അവരുടെ മരണാനന്തരം വാര്‍ത്തകള്‍ വന്നിരുന്നുവല്ലോ. അവര്‍ വിശ്വാസിയോ അവിശ്വാസിയോ എന്നതല്ല  മറിച്ച് അവരെന്തുചെയ്തു,പറഞ്ഞു
എന്നുള്ളതാണ്പരിഗണിക്കേണ്ടത്‌. ഹിച്ചന്‍സന്റെ പുസ്തകം തീര്‍ച്ചയായും അതിനൊരുത്തരം തരും.


പ്രായോഗികമതിയായ ഒരാള്‍ ഗര്‍ഭഛിദ്രത്തെ അവലോകനം ചെയ്യുമ്പോള്‍ ഭ്രൂണഹത്യയില്‍ ഭ്രൂണം വേദന അനുഭവിക്കുന്നുണ്ടോ എന്ന ചോദ്യം പരിഗണിക്കും. വേദന അനുഭവിക്കണമെങ്കില്‍ നാഡീവ്യവസ്ഥ രൂപം കൊണ്ടിരിക്കണം. നാഡീവ്യവസഥ രൂപംകൊള്ളുന്നതിന് വളരെമുമ്പാണ് സാധാരണഗതിയില്‍ ഭ്രൂണം നീക്കംചെയ്യുന്നത്. ഇനി അഥവാ ചെറിയതോതില്‍ വേദനയറിയാവുന്ന നാഡീവ്യവസ്ഥ ഉണ്ടെങ്കില്‍ത്തന്നെ(?) വളരെ നേരീയ വൈഷമ്യമേ ഭ്രൂണം 'അനുഭവിക്കുന്നുള്ളു'. രണ്ടായാലും ഒരു അറവുമാട് കശാപ്പ്ശാലയില്‍ അനുഭവിക്കുന്ന വേദനയിലും കുറവായിരിക്കുമത്. ഭ്രൂണഹത്യയുടെ 99 ശതമാനവും ആദ്യത്തെ 1-10 ആഴ്ചകളിലാണ് നടത്തപ്പെടുന്നത്. ഗര്‍ഭസ്ഥശിശുവിന്റെ വേദനാ സംവേദിനികള്‍ ഗര്‍ഭത്തിന്റെ നാലാംഘട്ടത്തില്‍ വികസിച്ചുകഴിഞ്ഞാല്‍പോലും പുറംലോകത്തെത്താതെ ഭ്രൂണത്തിന് ഒരുതരത്തിലും വേദനയറിയാനാവില്ലെന്ന് വാദിക്കുന്ന നിരവധി വിദഗ്ധന്‍മാരുണ്ട്. ശിശുവിന് മാത്രമേ വേദനയറിയാനാവൂ എന്നവര്‍ പറയുന്നു. അതേസമയം അവസാനഘട്ടത്തില്‍ ഭ്രൂണത്തിന് വേദനയറിയാനാവുമെന്നും ആദ്യത്തെ 20 ആഴ്ച മുതല്‍ അറിയാനാവുമെന്നും വാദിക്കുന്നവരുമുണ്ട്. വൈദ്യശാസ്ത്രം ഇനിയും അന്ത്യവിധി പറഞ്ഞിട്ടില്ലാത്ത ഒരു മേഖലയാണിത്. എന്നാല്‍ സാധാരണ ഗര്‍ഭഛിദ്രം നടക്കുന്ന ആദ്യ 12 ആഴ്ചകളില്‍ ഭ്രൂണത്തിന് വേദന അറിയാനാവും എന്നാരുംതന്നെ വാദിക്കുന്നില്ല. അതുകൊണ്ടുതന്നെ ഭ്രൂണം വേദന സഹിക്കാനാവാതെ നിലവിളിക്കുമെന്നൊക്കെയുള്ള വാദം യുക്തിഹീനമാണ്. 


ജീവിച്ചിരിക്കുന്ന മാതാവിന്റെ ജീവന് ഭീഷണിയാണ് ഗര്‍ഭമെങ്കില്‍ അത് നശിപ്പിക്കേണ്ടിവരും. മാതാവനുഭവിക്കുന്ന വേദനയും അവരുടെ ജീവനുള്ള ഭീഷണിയും ഭ്രൂണത്തിന്റെ വേദനയെക്കാള്‍ പ്രധാനപ്പെട്ടതല്ലേ? മാതാവിന്റെ ജീവന് വിലയില്ലേ? മാതാവിന്റെ നാഡീവ്യവസ്ഥ കുറേക്കൂടി വികസിച്ചതല്ലേ?
പക്ഷേ, എതിര്‍വാദങ്ങള്‍ വീണ്ടും വരുന്നു. ഭ്രൂണം വേദന അനുഭവിക്കുന്നില്ലായിരിക്കാം. പക്ഷേ, സമൂഹത്തിന് ഭ്രൂണഹത്യ തീരാവേദനയാണ് സംഭാവനചെയ്യുന്നത്. ഭൂണങ്ങള്‍ നശിപ്പിച്ച് തുടങ്ങിയാല്‍ അതെവിടെചെന്ന് നില്‍ക്കും? അവസാനം ശിശുഹത്യയും ആവശ്യമാണെന്ന വാദം ഉയരാം. ജനനസമയം കഴിയുന്നതോടുകൂടി ജീവന്‍ നിര്‍വ്വചിക്കപ്പെടുകയാണ്. കൊല്ലരുത് (Thou shall not kill) എന്ന് ബൈബിളില്‍ പറയുന്നുണ്ട്. പക്ഷേ, ഭ്രൂണം നശിപ്പിക്കരുതെന്ന് വാദിക്കാനുള്ള ജീവശാസ്ത്രപരമായ അറിവ് ബൈബിളിന്റെ രചനാകാലഘട്ടത്തില്‍ മനുഷ്യനുണ്ടായിരുന്നില്ല. സത്യത്തില്‍ 'കൊല്ലരുത്' എന്ന ബൈബിള്‍ശാസനയുടെ അര്‍ത്ഥം ഒരു ജൂതന്‍ മറ്റൊരു ജൂതനെ കൊല്ലരുത് എന്ന് മാത്രമേയുള്ളു. മാനവരാശിക്കുള്ള സ്‌നേഹസന്ദേശമാണ് അതെന്ന് മതം വ്യാഖ്യാനഫാക്ടറിയുടെ സഹായത്തോടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടാവാം. പക്ഷെ കൊന്നും കൊലവിളിച്ചും മതിവരാത്ത, മനുഷ്യജീവന് പുല്ലുവില പോലും കല്‍പ്പിക്കാത്ത മതങ്ങള്‍ ഭ്രൂണത്തിന് വേണ്ടി നിലവിളിക്കുന്നതു കാണുമ്പോള്‍ ശിലാഹൃദയര്‍ പോലും വിതുമ്പിപോകും. ശ്വസിക്കുന്ന ഒന്നിനേയും ബാക്കി വെക്കാതെ മുച്ചൂടും നശിപ്പിക്കണമെന്ന് ജെറിക്കോ പട്ടണം ആക്രമിച്ച വേളയില്‍ ജോഷ്വായ്ക്ക് നിര്‍ദ്ദേശം കൊടുത്ത ദൈവംതന്നെ 'കൊല്ലരുത്' എന്ന് പറഞ്ഞാല്‍ ആരെയാണ് കൊല്ലരുതാത്തത് എന്ന് വ്യക്തമാണ്.

ചിലര്‍ക്ക് ഭ്രൂണം എന്നാല്‍ കുഞ്ഞ് എന്നാണര്‍ത്ഥം. പിന്നെ കൂടുതല്‍ വാദങ്ങള്‍ക്ക് സ്ഥാനമില്ല. വിത്തുകോശങ്ങള്‍ (Stem cell) വികസിപ്പിച്ചെടുക്കാനുള്ള ശാസ്ത്രീയപരിശ്രമങ്ങള്‍ക്ക് ഈ നിലപാട് കനത്ത തിരിച്ചടി നല്കിയിരിക്കുകയാണ്. വിത്തുകോശങ്ങള്‍ വൈദ്യശാസ്ത്രരംഗത്ത് അത്ഭുതകരമായ സാധ്യതകള്‍ തുറക്കുമെന്നറിയുന്നവര്‍ തന്നെയാണ് മതാന്ധതയുടെപേരില്‍ വൈദ്യശാസ്ത്ര പര്യവേഷണങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നത്. വിത്തുകോശങ്ങള്‍ വികസിപ്പിച്ചെടുക്കുമ്പോള്‍ ഭ്രൂണകോശങ്ങള്‍ നശിപ്പിക്കപ്പെടുന്നുവെന്നാണ് പരാതി. പക്ഷേ, മതവാദികളുടെ ഈ നിര്‍ബന്ധം സത്യത്തിനുനേരെ കണ്ണടയ്ക്കലാണ്. വന്ധ്യതചികിത്സാരംഗത്ത് ഭ്രൂണങ്ങളുടെ തെരഞ്ഞെടുക്കലും ദുര്‍ബലമായവയുടെ നാശവും ചികിത്‌സ ഫലപ്രാപ്തിയിലെത്താന്‍ അത്യാവശ്യമാണ്. ദുര്‍ബലവും ന്യൂനതകളുള്ളതുമായ ഒരു ഭ്രൂണം രൂപംകൊള്ളുമ്പോള്‍ 'ജീവന്‍ നശിപ്പിക്കരുത്' എന്ന സിദ്ധാന്തം മുന്‍നിറുത്തി അവയെയെല്ലാം ഗര്‍ഭം ധരിപ്പിച്ച് പ്രസവിക്കണമെന്ന നിബന്ധനവെച്ചാല്‍ കടുത്ത മതവാദികള്‍ക്കുപോലും താങ്ങാനാവില്ല.


ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (In vitro fertilization / IVF)) ചികിത്സയില്‍ ഡോക്ടര്‍മാര്‍ സ്ത്രീകളെ അധികം അണ്ഡം ഉത്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കാറുണ്ട്. ഈ അണ്ഡങ്ങള്‍ ശരീരത്തിന് പുറത്തുവെച്ച് സംയോജിപ്പിച്ച് ഏറ്റവും യോഗ്യവും യോജ്യവുമായ സിക്താണ്ഡങ്ങള്‍ മാത്രമാണ് ഗര്‍ഭപാത്രത്തിലേക്ക് കടത്തിവിടുന്നത്. അധികം വരുന്നവ സ്വാഭാവികമായും നശിപ്പിക്കപ്പെടും. ചുരുങ്ങിയത് പന്ത്രണ്ട് സിക്താണ്ഡങ്ങളെങ്കിലും (Zygot) ഇത്തരത്തില്‍ തയ്യാറാക്കാറുണ്ട്. രണ്ടുമൂന്നെണ്ണം ഗര്‍ഭപാത്രത്തിലേക്ക് കയറ്റിവിടുന്നു. എന്നാല്‍ ഒന്നോ രണ്ടോ മാത്രം വളരുന്നു. അത്തരത്തില്‍ നോക്കുമ്പോള്‍ IVF രണ്ടുഘട്ടങ്ങളിലായി നിരവധി ജീവനുകളെ നശിപ്പിക്കുന്ന ചികിത്സാരീതിയാണ്. എന്നാല്‍ ആര്‍ക്കും പരാതിയില്ല. കഴിഞ്ഞ 25 വര്‍ഷമായി വന്ധ്യതാ ചികിത്സാ രംഗത്തെ ഏറ്റവും ജനകീയമായ ചികിത്സാവിധിയായി IVF നിലനില്‍ക്കുന്നു. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ആനന്ദമെത്തിക്കാന്‍ ഈ ചികിത്സാരീതിക്കായിട്ടുണ്ട്. ഈ ചികിത്സാരീതി ദുരുപയോഗം ചെയ്യുന്ന മതഭ്രാന്തരുമുണ്ട്. ആറ് കുട്ടികളുടെ മാതാവായിരിക്കെയാണ് 2009 ഫെബ്രുവരിയില്‍ നദിയ സുലൈമാനി എന്ന പേരുള്ള അവിവാഹിതയായ അമേരിക്കന്‍ യുവതി  IVF സഹായത്തോടെ 'പ്രസവോത്സവം' സംഘടിപ്പിച്ചത്. ഒറ്റപ്പെടാതിരിക്കാന്‍ കൂടുതല്‍ സന്താനങ്ങള്‍ സഹായിക്കുമെന്ന മനോവിഭ്രാന്തിയും ഒരൊറ്റ ഭ്രൂണംപോലും വെറുതേകളയാന്‍ പാടില്ലെന്ന മതവാശിമായിരുന്നുവത്ര നാദിയയെ ഈ സാഹസത്തിന് പ്രേരിപ്പിച്ച്. 14 കുട്ടികളെ വളര്‍ത്താന്‍ നദിയായുടെ വൃദ്ധരായ മാതാപിതക്കള്‍ ഇപ്പോള്‍ കഷ്ടപ്പെടുകയാണ്. കുട്ടികളെ വളര്‍ത്താനായി പണം സമ്പാദിക്കാനായി ഇന്ററര്‍നെറ്റ് പരസ്യം കൊടുത്തിരിക്കുന്ന നദിയായ്ക്ക് ഇനിയും സന്താനങ്ങളുണ്ടാകുന്നതില്‍ വിരോധമില്ലത്രെ! 

ബീജസങ്കലനം പോലെ, ജനനം പോലെ, ഗര്‍ഭഛിദ്രവും പ്രകൃതിപരമായ ഒരു പ്രതിഭാസമാണ്. It is a natural phenomenon. പ്രകൃതിയില്‍ അനുനിമിഷം കോടിക്കണക്കിന് ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നുണ്ട്. ഗര്‍ഭധാരണത്തിന് ശേഷവും ഭ്രൂണങ്ങളില്‍ പലതും പ്രകൃത്യാ നശിപ്പിക്കപ്പെടുന്നുണ്ട്; പല ഘട്ടങ്ങളില്‍. പ്രകൃതിയുടെ ഒരു നിര്‍ധാരണരീതിയാണത്. ഏറ്റവും യോഗ്യവും യോജ്യവുമായവ മാത്രം അതിജീവിന്നു. ഭ്രൂണം മാത്രമല്ല, ബീജവും അണ്ഡവുമൊക്കെ ധാരാളം ഉപയോഗശൂന്യമാകുന്നുണ്ട്. മതഭാഷ കടമെടുത്താല്‍ ഗര്‍ഭഛിദ്രം ദൈവികമായ ഒരു കാലാരൂപമാണ്. It is a divine art. ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗര്‍ഭഛിദ്രം നടത്തിയിട്ടുള്ളത് ദൈവമാകുന്നു. സഹസ്രകോടി ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ അദ്ദേഹം ഇന്നും ആ വിനോദം ഉല്ലാസപൂര്‍വം തുടരുന്നു; ഒരിക്കലും അവസാനിപ്പിക്കില്ലെന്ന വാശിയോടെ.
അതിശക്തമായ മൈക്രോസ്‌ക്കോപ്പിലൂടെ മാത്രം ദൃശ്യമാകുന്ന ഏതാനും കോശസമൂഹങ്ങളെ വളര്‍ച്ചയെത്തുന്നതിനുമുമ്പ് നിര്‍വീര്യമാക്കുന്നതും പൂര്‍ണ്ണ ആരോഗ്യവാനായ ഒരു മനുഷ്യനെ വധിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ മതരോഗം ബാധിച്ച മനസ്സുകള്‍ക്ക് കാണാന്‍ കഴിയുന്നില്ലെന്ന് വരുന്നത് ദുഃഖകരം തന്നെ. 



മാര്‍ക്ക് യൂര്‍ഗന്‍സ്‌മേയര്‍ തന്റെ 'ദൈവമനസ്സിലെ ഭീകരത' (Terror in the Mind of God by Mark Juergensmeyer) എന്നഗ്രന്ഥത്തില്‍ അമേരിക്കയിലെ നവീന ഭ്രൂണഹത്യാവിരുദ്ധസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Paul Hill
 'ദൈവസൈന്യം' (Army Of God-AOG) എന്നറിയപ്പെടുന്ന ഈ മതഭീകരസംഘടനകള്‍ ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കുന്ന ക്ലിനിക്കുകള്‍ മുഴുവന്‍ ചുട്ട് ചാമ്പലാക്കണമെന്ന ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചുവരികയാണ്. ഗര്‍ഭഛിദ്രത്തിന് കൂട്ടുനില്‍ക്കുന്നുവെന്ന് സംശയിക്കുന്ന ഡോക്ടര്‍മാരെയെല്ലാം വധിക്കണമെന്നും അവര്‍ മറയില്ലാതെ ആവശ്യപ്പെടുന്നു.
യൂര്‍ഗന്‍സ്‌മേയറുടെ പുസ്തകത്തില്‍ ഭ്രൂണഹത്യാ വിരുദ്ധപ്രസ്ഥാനത്തിന്റെ കടുത്ത വക്താക്കളായ റവറണ്ട് മൈക്കല്‍ ബ്രെയും (Michael Bray) റവറണ്ട് പോള്‍ ഹില്ലും (Paul Hill) ചേര്‍ന്ന് സൗമ്യമായി ചിരിച്ചുകൊണ്ട് ഒരു ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന തികച്ചും നിര്‍ദോഷമെന്ന് തോന്നാവുന്ന ഒരു ചിത്രമുണ്ട്. ''നിഷ്‌ക്കളങ്കരായ കുട്ടികളുടെ കൊല തടയുന്നത് കുറ്റമാണോ?'' ഇതാണ് ആ ബാനറിലെ വാചകം. പക്ഷേ, ഈ മാന്യപുരോഹിതര്‍ കാര്യങ്ങള്‍ അവിടം കൊണ്ടവസാനിപ്പിക്കാന്‍ തയ്യാറായില്ല. 1994 ജൂലൈ 29-ന് ജോണ്‍ ബ്രിട്ടണ്‍ എന്ന ഡോക്ടറേയും അദ്ദേഹത്തിന്റെ സുരക്ഷാഭടനായിരുന്ന ജയിംസ് ബാരറ്റിനേയും ബ്രിട്ടന്റെ ഫ്‌ളോറിഡായിലുള്ള സ്വകാര്യക്ലിനിക്കിന് മുമ്പില്‍വെച്ച് പോള്‍ ഹില്‍ വെടിവെച്ചുകൊന്നു! കുറ്റം? ബ്രിട്ടന്റെ ക്ലിനിക്കില്‍ ഭ്രൂണഹത്യ നടക്കുന്നു. നിരപരാധികളായ ഭ്രൂണങ്ങള്‍ നശിക്കാതിരിക്കണമെങ്കില്‍ ഡോക്ടര്‍ ജീവിക്കാതിരിക്കണം. എത്ര സരളമായ യുക്തി!


പോള്‍ഹില്‍ യഥാര്‍ത്ഥത്തില്‍ മാനസികരോഗിയാണോ? അല്ല; പക്ഷേ, അദ്ദേഹം അപകടകരമായ രീതിയില്‍ മതാന്ധതയുള്ള ഒരു വ്യക്തിയാണ്. രണ്ടും തമ്മില്‍ കാര്യമായ വ്യത്യാസമില്ലെന്നതാണ് ഏറെ ദുഃഖകരം. ഇവിടെ കുറ്റം ഹില്ലിന്റേതല്ല, മറിച്ച് അദ്ദേഹത്തിന്റെ വിശ്വാസത്തിന്റേതാണ്. മിതമായി സംസാരിക്കുന്ന, സത്യസന്ധനായ ഒരു വ്യക്തിയായിരുന്നു പോള്‍ഹില്‍. പക്ഷേ, അദ്ദേഹത്തിന്റെ മനസ്സ് മുഴുവന്‍ വിഷം വമിക്കുന്ന മതചിന്തകളാല്‍ മലീമസമാക്കപ്പെട്ടു. ജീവിച്ചിരിക്കുന്നവരെ കൊല്ലുന്നത് ഇനി ജനിക്കാനിരിക്കുന്നവരെ കൊല്ലുന്നതുപോലെ ദൈവവിരുദ്ധമാണെന്ന് ചിന്തിക്കാന്‍പോലും അദ്ദേഹത്തിന് സാധിച്ചില്ല.
ഭ്രൂണഹത്യയെ ന്യായീകരിക്കുന്നവരില്‍ ഭൂരിഭാഗം പേരും മതവിശ്വാസികള്‍ തന്നെയാണ്. ജെറമിബന്താമിന്റെ പ്രായോഗിക സമീപനമാണ് ഭൂരിപക്ഷം മതവിശ്വാസികളും ഇക്കാര്യത്തില്‍ പിന്തുടരുന്നത്. ഭ്രൂണത്തിന് വേദനയുണ്ടാകുമോ എന്ന ചോദ്യം അവരുന്നയിക്കും. മൈക്കള്‍ ബ്രെയും പോള്‍ഹില്ലും ഭ്രൂണത്തെ നിഷ്‌കളങ്കശിശുവായി കാണുകയും അതിനെ നീക്കംചെയ്യുന്നത് മനുഷ്യഹത്യയായി വിശേഷിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ വികാരങ്ങളും വിചാരങ്ങളുമുളള, വലിയതോതില്‍ അറിവും പ്രവര്‍ത്തനപരിചയവുമുള്ള ഒരു ഡോക്ടറുടെ ജീവന്‍ കുറെക്കൂടി പ്രധാനപ്പെട്ടതാണെന്ന് ഹില്ലിനെ എതിര്‍ക്കുന്നവര്‍ പറയും. 



ഡോക്ടറുടെ മരണം ഒരു സാമൂഹികപ്രശ്‌നം കൂടിയാണ്. അദ്ദേഹം മരിക്കുന്നതോടെ അദ്ദേഹത്തിന്റെ ഭാര്യ വിധവയാകുകയും കുട്ടികള്‍ അനാഥരാകുകയും ചെയ്യുന്നു. ഒരുപക്ഷേ, അദ്ദേഹത്തെ ആശ്രയിച്ച് ജീവിക്കുന്ന വയസ്സായ മാതാപിതാക്കള്‍ നിരാലംബരാകുകയും ചെയ്യും. ഡോക്ടര്‍ക്ക് ഭാവിയില്‍ ആശ്വാസം പകരാന്‍ കഴിയുന്ന നിരവധി രോഗികളുടെ കാര്യവും പരിഗണിക്കണം.
വേദന അറിയാന്‍ കഴിയുന്ന ഒരു നാഡീവ്യവസ്ഥയെയാണ് പോള്‍ഹില്‍ നശിപ്പിച്ചത്. ഭ്രൂണത്തിന്റെ ആദ്യഘട്ടത്തില്‍ നാഡീവ്യവസഥയില്ല; വേദനയുമില്ല. അല്പം വൈകിയാലും പറയത്തക്ക വേദന ഭ്രൂണം 'അനുഭവിക്കു'ന്നതായും തെളിവില്ല. ഇനിയഥവാ ഭ്രൂണം വേദനയനുഭവിക്കുന്നെങ്കില്‍(?) അത് വളര്‍ച്ചയുടെ അന്ത്യഘട്ടത്തിലാണ്. പക്ഷെ മനുഷ്യഭ്രൂണമായതുകൊണ്ടല്ലത് സംഭവിക്കുന്നത്. പശുവിന്റെയോ കാളയുടേയോ ഭ്രൂണവും അനുഭവിക്കാനിടയുളളത് ഇതേ വേദനയാണ്. ഗര്‍ഭസ്ഥശിശുവിനെ പേറുന്ന മൃഗങ്ങളെ കൊന്നുതിന്നുന്നതില്‍ തോന്നാത്ത വികാരം കോശാവസ്ഥയില്‍ നീക്കംചെയ്യുന്ന മനുഷ്യഭ്രൂണത്തിന്റെ കാര്യത്തില്‍ മാത്രം ഉയരുന്നതിലും ലേശം പൊരുത്തക്കേടില്ലേ?


പ്രാരംഭദിശയില്‍ മനുഷ്യഭ്രൂണമായാലും ഒരു ജീവകോശം മാത്രമാണ്. അതില്‍നിന്ന് മനുഷ്യനിലേക്കെത്താന്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഏത് അവയവം രൂപംകൊണ്ടു കഴിയുമ്പോഴാണ് അത് മനുഷ്യനായി കണക്കാക്കപ്പെടേണ്ടത്? ആ രീതിയില്‍ നോക്കുമ്പോള്‍ ബീജത്തേയും അണ്ഡത്തേയും ഏത് രീതിയില്‍ പരിഗണിക്കണം? അമേരിക്കയിലെ ഭൂരിപക്ഷം ക്രിസ്ത്യാനികളും ഗര്‍ഭഛിദ്രത്തിന്റെ കാര്യത്തില്‍ മതതീവ്രനിലപാട് അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ അത് നിയമംമൂലം നിരോധിക്കാനുമാവില്ല. വേദനയറിഞ്ഞ് പ്രസവിക്കണമെന്ന ദൈവഹിതം സരളമായി ധിക്കരിച്ച് സിസേറിയന്‍ മാര്‍ഗ്ഗം അവലംബിക്കുന്നവരാണവര്‍. പ്രാചീനഗ്രന്ഥങ്ങള്‍ പ്രകാരം ആധുനികജീവിതം നയിക്കാനുള്ള ശ്രമം പിറകോട്ടോടി മുന്നിലെത്താന്‍ ശ്രമിക്കുന്നത് പോലെയാകുമെന്ന് അനുഭവത്തില്‍ നിന്നറിയുന്നവരാണ് ഭൂരിപക്ഷവും. 

ജീവന്റെ അനന്തസാധ്യതകള്‍!! 

Bethovan
ഭ്രൂണഹത്യാവിരുദ്ധവാദികളുടെ സിദ്ധാന്തങ്ങളില്‍ പലതും അതി
ഭാവനയും യാഥാര്‍ത്ഥ്യമില്ലായ്മയും കലര്‍ന്നതാണെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് അവര്‍ സ്ഥിരം പരാമര്‍ശിക്കുന്ന ബീഥോവന്‍ കടങ്കഥ. ബീഥോവന്‍ പിഴവ് (Bethovan fallacy) എന്നും ഈ സാങ്കല്‍പ്പിക സാഹചര്യം അറിയപ്പെടുന്നു. മനുഷ്യഭ്രൂണത്തിന് വേദനയുണ്ടാവുമോ ഇല്ലയോ എന്നതല്ലിവിടെ പ്രശ്‌നം മറിച്ച് അതിന്റെ അനന്തമായ സാധ്യതകള്‍ (Potential) നശിപ്പിക്കപ്പെടുന്നതാണ്. ഒരു ഭ്രൂണം നശിപ്പിക്കപ്പെടുന്നതിലൂടെ ജീവന്റെ അനന്തമായ സാധ്യതകളാണ് റദ്ദാക്കപ്പെടുന്നത്. ജീന്‍മെഡാവറിന്റെ (Jean Medawar) `The life science' എന്നഗ്രന്ഥത്തില്‍ ഈ പ്രശ്‌നം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗവും റോമന്‍കാത്തോലിക്കനുമായ നോര്‍മന്‍ സെന്റ്‌ജോണ്‍സ് സ്റ്റീവാസാണ് (Norman St Johns Stevas) ഈ വാദമുഖം അവതരിപ്പിച്ചതെന്ന് മെഡാവര്‍ എഴുതുന്നു. സ്റ്റീവാസിന് ഈ കടങ്കഥ കിട്ടിയതാവട്ടെ മൗറിസ് ബാറിങില്‍ (Maurice Baring / 1874-1945)നിന്നും. സ്റ്റീവാസ് ബീഥോവന്‍ കടങ്കഥ അവതരിപ്പിക്കുന്നത് രണ്ട് ഡോക്ടര്‍മാര്‍ തമ്മിലുള്ള സാങ്കല്‍പ്പിക സംഭാഷണത്തിലൂടെയാണ്:

ആദ്യത്തെ ഡോക്ടര്‍: ''ഗര്‍ഭം അലസിപ്പിക്കുന്ന കാര്യത്തില്‍ എനിക്ക് താങ്കളുടെ അഭിപ്രായമറിയാന്‍ താല്പര്യമുണ്ട്. പിതാവ് സിഫിലിസ് രോഗിയാണ്; മാതാവാകട്ടെ ക്ഷയരോഗിയും. ഇതുവരെ നാല് കുട്ടികള്‍ പിറന്നു. ആദ്യത്തേത് അന്ധനാണ്. രണ്ടാമത്തെകുട്ടി മരിച്ചുപോയി. മൂന്നാമത്തേതാകട്ടെ ഊമയും ബധിരനുമാണ്, നാലാമത്തെ കുട്ടിയാകട്ടെ കടുത്ത ക്ഷയരോഗി. നിങ്ങളായിരുന്നുവെങ്കില്‍ എന്തുചെയ്യുമായിരുന്നു?''

രണ്ടാമത്തെ ഡോക്ടര്‍: ''ഞാനായിരുന്നുവെങ്കില്‍ ഗര്‍ഭം അലസിപ്പിച്ചേനെ''
ഒന്നാമത്തെ ഡോക്ടര്‍: ''അങ്ങനെയെങ്കില്‍ നിങ്ങള്‍ നശിപ്പിച്ചത് ബീഥോവനെയാകാനിടയുണ്ട്''
ഇന്റര്‍നെറ്റില്‍ അനവധി ഭ്രൂണഹത്യാവിരുദ്ധ സൈറ്റുകളുണ്ട്. അവയിലൊക്കെ ഇതല്ലെങ്കില്‍ ഇതിന് സമാനമായ ചില കഥകളും സങ്കല്‍പ്പങ്ങളും വായിച്ചറിയാം. ഈ കഥയുടെ വിവിധരൂപങ്ങളില്‍ നിലവിലുണ്ടെന്ന് പറഞ്ഞതിലൂടെ ഉദ്ദേശിക്കുന്ന കാര്യം ലളിതമാണ്. ബീഥോവന്‍ എന്ന വിശ്വപ്രശസ്ത സംഗീതജ്ഞന്‍ മേല്‍പ്പറഞ്ഞ സാഹചര്യങ്ങളിലാണ് പിറന്നത്. ഗര്‍ഭഛിദ്രം ചെയ്തിരുന്നുവെങ്കില്‍ ലോകത്തിന് മഹാനായ ഒരു സംഗീതജ്ഞനെ നഷ്ടപ്പെടുമായിരുന്നു. അങ്ങനെ എത്രയെത്ര പ്രതിഭകളാണ് ഭ്രൂണഹത്യയിലൂടെ ദിനവും നഷ്ടപ്പെടുന്നത്! വെബ്‌സൈറ്റുകളിലെ മിക്ക ബീഥോവന്‍കഥകളിലും പരസ്പരവിരുദ്ധമായ ജീവിതസാഹചര്യങ്ങളിലാണ് കുട്ടിബീഥോവന്‍ ജനിക്കുന്നത്. ചില കഥകളില്‍ ബീഥോവന്‍ അഞ്ചാമത്തെ കുട്ടിയാണ്(ഒമ്പതാമത്തെയല്ല), അദ്ദേഹത്തിന്റെ രണ്ട് സഹോദരന്‍മാര്‍ക്കാണ് ബധിരതയുണ്ടായിരുന്നത്(മൂന്നല്ല), ഒരാളായിരുന്നു അന്ധന്‍(രണ്ടല്ല), അദ്ദേഹത്തിന്റെ പിതാവായിരുന്നു സിഫിലിസ് രോഗി (മാതാവല്ല).


തികച്ചും കപടവും അപഹാസ്യമായ ഈ കഥയുടെ വസ്തുതാപരമായ പിഴവുകള്‍തന്നെ ചിരിക്ക് വകനല്കുന്നതാണ്. ഒമ്പതാമത്തെ കുട്ടി വരെയായാലും ഭ്രൂണഹത്യ നടത്തരുത്, ചിലപ്പോള്‍ പത്താമത്തെ പ്രസവത്തിലായിരിക്കും ഒരു മഹാപ്രതിഭ പിറക്കുന്നതെന്ന വാദം സാധൂകരിക്കാനാണല്ലോ ബീഥോവനെ ഒമ്പതാമത്തെ അല്ലെങ്കില്‍ അഞ്ചാമത്തെ കുട്ടിയായി ചിത്രീകരിക്കുന്നത്. പക്ഷേ, ലുഡ്‌വിഗ് വാന്‍ ബീഥോവന്‍ (Ludwig van Bethovan) എന്ന വിശ്വോത്തര സംഗീതപ്രതിഭ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഏറ്റവും മൂത്ത കുട്ടിയാണ്; കുറെക്കൂടി കൃത്യമായിപറഞ്ഞാല്‍ രണ്ടാമത്തെ പ്രസവത്തിലെ കുട്ടി. ആദ്യപ്രസവത്തിലെ കുട്ടി ശൈശവത്തിലേ മരണമടഞ്ഞിരുന്നു. അതാകട്ടെ, അന്നത്തെക്കാലത്ത് തികച്ചും സാധാരണമായിരുന്നു. ആദ്യകുട്ടി അന്ധനോ ബധിരനോ ഊമയോ ബുദ്ധിമാന്ദ്യമുള്ളതോ ആയിരുന്നുമില്ല. മാതാപിതാക്കളിലാര്‍ക്കും സിഫിലിസ് രോഗവുമില്ലായിരുന്നു. ബീഥോവന്റെ മാതാവ് മരിച്ചത് ക്ഷയരോഗം പിടിപെട്ടായിരുന്നു എന്നതുമാത്രമാണ് ഇതില്‍ വസ്തുതപരമായി ഒത്തുപോകുന്ന ഏക കാര്യം. അതും അക്കാലത്ത് ഒരു നിത്യസംഭവുമായിരുന്നു. ചുരുക്കത്തില്‍ ബീഥോവന്റെ ജനനം ഇത്ര അതിഭാവുകത്വത്തോടെ ചിത്രീകരിക്കുന്നത് അനാവശ്യവും നിരുത്തരവാദപരവുമായ ഒരു സമീപനമാണ്. 


തങ്ങളുടെ വാദം സാധൂകരിക്കാനായി വസ്തുതകള്‍ വളച്ചൊടിച്ച് കെട്ടുകഥകള്‍ വിളമ്പുകയാണ് ഈ കഥയുടെ പ്രചാരകര്‍ ചെയ്യുന്നത്.
ഈ കടങ്കഥയില്‍നിന്ന് ബീഥോവനെ മാറ്റിനിറുത്തിയാലും കഥ തീര്‍ത്തും യുക്തിഹീനമാണ്. സിഫിലിസും ക്ഷയരോഗവുമുള്ള മാതാപിതാക്കള്‍ ഗര്‍ഭഛിദ്രം ഒഴിവാക്കി സംഗീതപ്രതിഭയെ ജനിപ്പിക്കുന്നുവെന്ന സാങ്കല്‍പ്പികചിത്രം തന്നെ പരിശോധിക്കുക. എട്ടാമത്തെ പ്രസവത്തിന് ശേഷം ഈ മാതാപിതാക്കള്‍ ശാരീരികമായി ബന്ധപ്പെടാതിരുന്നാല്‍ ഇതിലും എത്രയോ വലിയ തെറ്റാണ്! അല്ലെങ്കില്‍ എട്ടാമത്തെ പ്രസവത്തിന് ശേഷം കുടുംബാസൂത്രണം സ്വീകരിച്ചാലും അത് ഘോരപാപമാണ്. എട്ടെണ്ണം കഴിഞ്ഞ് ജനിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ ന്യൂനതകളുണ്ടാവാന്‍ സാധ്യതയില്ലേ? പ്രസവങ്ങള്‍ കൂടുന്ന മുറയ്ക്ക് രോഗിയായ മാതാവിന്റെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കാനിടയില്ലേ? പ്രസവത്തിന്റെ എണ്ണം കൂടുന്നതനുസരിച്ച് മാതാവിനെത്തന്നെ നഷ്ടപ്പെട്ട് ബാക്കി കുട്ടികളും അനാഥരാവാനുള്ള സാധ്യതയില്ലേ? സാമ്പത്തിക-സാമൂഹിക വിഷമതകള്‍ പരിഗണിക്കേണ്ടേ?
ബീഥോവനെപ്പോലുള്ള പ്രതിഭകളെ ഗര്‍ഭഛിദ്രത്തില്‍ നഷ്ടപ്പെടുമായിരുന്നുവെന്ന് വാദിച്ചാല്‍ മനുഷ്യസമൂഹത്തിന് ഭീഷണിയായിരുന്ന തിന്മയുടെ പ്രതീകങ്ങളെ നീക്കംചെയ്യാന്‍ കൃത്യസമയത്ത് ചില ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയിരുന്നെങ്കില്‍ സാധിക്കുമായിരുന്നില്ലേ എന്നും ചോദിക്കാം. ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങളുടെ മുന്നില്‍ വിളറിവെളുക്കുന്ന ഒരു കഥയില്ലാത്ത വാദമാണ് ബീഥോവന്‍ കടങ്കഥ. മതാന്ധതയില്‍ മുഴുകിയിരിക്കുന്നവര്‍ക്ക് മാത്രമേ ഇത് വെട്ടിവിഴുങ്ങാനാവൂ. പ്രാരംഭനിരീക്ഷണത്തില്‍ മഹനീയമായി തോന്നാവുന്ന ഈ കഥയുടെ അപഹാസ്യത സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. പക്ഷേ, മതവാദികള്‍ അത്തരത്തില്‍ ചിന്തിക്കാനൊരു ശ്രമം നടത്തില്ല. അങ്ങനെയാണ് ഈ കഥകള്‍ ലോകം മുഴുവന്‍ പരക്കുന്നത്. 



റൊനാള്‍ഡ് ഡാല്‍ (Ronald Dahl) തന്റെയൊരു ചെറുകഥയില്‍ സമാനമായ ഒരു കറുത്ത ഫലിതം ഉന്നയിക്കുന്നുണ്ട്. 1888-ല്‍ (ഹിറ്റ്‌ലര്‍ ജനിച്ച വര്‍ഷം) നടക്കേണ്ടിയിരുന്ന ഒരു ഗര്‍ഭഛിദ്രം നടക്കാതെ പോയതിനാലാണ് ലോകത്തിന് പിന്നീട് ഇത്രയധികം കഷ്ടതകള്‍ അനുഭവിക്കേണ്ടിവന്നതെന്നാണ് ഡാലിന്റെ രസകരമായ കഥയില്‍ പറയുന്നത്! ലോകത്തെ നടുക്കിയ പല ഭീകരന്‍മാരേയും തക്ക സമയത്ത് ഒരു ഗര്‍ഭഛിദ്രം നടത്തിയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നില്ലേ?!


കുഞ്ഞുങ്ങളെ 'ദൈവം തരുന്ന'തിനാല്‍ വേണ്ടെന്ന് വെക്കാനാവില്ലെന്ന് വാദിക്കുന്നവര്‍ കുഞ്ഞുങ്ങള്‍ അകാലത്തില്‍ മൃതിയടയമ്പോള്‍ 'ദൈവം തിരികെവാങ്ങി' എന്നംഗീകരിക്കാന്‍ വിസ്സമ്മതിക്കുന്നെന്തുകൊണ്ട്?! കുട്ടികള്‍ ഉണ്ടാകാതെ വരുമ്പോള്‍ 'ദൈവതീരുമാനം കുട്ടികള്‍ വേണ്ടെന്നാണ്' എന്ന് അംഗീകരിച്ച് സന്തോഷത്തോടെ ജീവിക്കാതെ വന്ധ്യതാചികിത്സയ്ക്ക് ലക്ഷങ്ങള്‍ മുടക്കുന്നതെന്തിനാണ്? ദൈവഹിതമല്ലേ പ്രധാനം? അതോ, അവനനവന്റെ സൗകര്യമനുസരിച്ചാണോ ദൈവവിധി നിര്‍വചിക്കേണ്ടത്?!
മെഡാവര്‍ എന്നയാളാണ് ബീഥോവന്‍ കടങ്കഥ അവതരിപ്പിക്കുന്നതെന്ന് മിക്ക വെബ്‌സൈറ്റുകളിലും പറയുന്നുണ്ട്. മെഡാവര്‍ മതവിശ്വാസികളുടെ വാദത്തെ പിന്തുണയ്ക്കാനാണ് ഈ കടങ്കഥ എഴുന്നെള്ളിച്ചതെന്ന പ്രതീക്ഷയിലാണ് എല്ലാ സൈറ്റുകളും മെഡാവറിനെ'ആദരിക്കുന്നത്'. പക്ഷേ, ഈ കഥയിലെ അപഹാസ്യത പുറത്ത് കൊണ്ടുവരാനാണ് അവിശ്വാസിയായ മെഡാവര്‍ തന്റെ പുസ്തകത്തിലുടനീളം ശ്രമിക്കുന്നത്. ഭ്രൂണഹത്യാവിരുദ്ധരുടെ വ്യാഖ്യാനമനുസരിച്ച് ആരോഗ്യമുള്ള ഏതൊരാളും ലൈംഗികബന്ധത്തില്‍ ഉദാസീനത കാണിക്കുന്നതിലൂടെ അനന്തമായ സാധ്യതകളുള്ള ഒരു കുഞ്ഞിന്റെ (Potential Child) ജനനം തടയുകയാണ്. അതിലൂടെ ലോകം കാത്തിരുന്ന ഒരു പ്രതിഭാശാലിയെയാവാം നിങ്ങള്‍ നശിപ്പിക്കുന്നത്.


ഒരു ബലാല്‍സംഗശ്രമത്തെ ചെറുക്കുന്ന സ്ത്രീയും ജനിക്കാനിടയുള്ള ശിശുവിന്റെ അരുംകൊലയ്ക്ക് മന:പൂര്‍വ്വം കൂട്ട് നില്‍ക്കുകയാണ്! ബ്രഹ്മചര്യമനുഷ്ഠിക്കുന്ന പുരോഹിതരും കന്യാസ്ത്രീകളും ജനിക്കാനിടയുള്ള, 'ദൈവം തരാന്‍' ഇടയുള്ള എത്രയോ കുരുന്നുജീവനുകളെയാണ് മതശാഠ്യത്തിലൂടെ റദ്ദാക്കിക്കളയുന്നത്!ദൈവം ദാനം ചെയ്ത സന്താനോത്പ്പാദനശേഷി നിസ്സാരവല്‍ക്കരിച്ച് ഈ ലോകത്ത് ജനിച്ചുവീഴേണ്ടിയിരുന്ന കോടിക്കണക്കിന് ശിശുക്കളുടെ നിഷ്‌ക്കളങ്ക മന്ദഹാസങ്ങളല്ലേ പ്രേഷിതപ്രവര്‍ത്തനത്തിലൂടെ വൈദികരും കന്യാസ്ത്രീകളും മുച്ചൂടും നശിപ്പിച്ചു കളയുന്നത്? വളര്‍ച്ചയില്ലാത്ത ഒരു ഭ്രൂണം നീക്കം ചെയ്യുന്നതിന് പ്രായാഗികമായ കാരണങ്ങളുണ്ട്. പക്ഷെ ദൈവം തരുന്ന സമ്മാനത്തോട് ആജീവനാന്തം നിഷേധാത്മക സമീപനം പുലര്‍ത്തുന്നവര്‍ക്ക് 'ജീവന് വേണ്ടി-ശിശുക്കള്‍ വേണ്ടി'എന്നൊക്കെയെഴുതിയ ബാനര്‍ ഉയര്‍ത്തി പിടിക്കാന്‍ ധാര്‍മ്മിക അവകാശമുണ്ടോ?


ഒരു പങ്കാളിയുമായി മാത്രം നിയന്ത്രിതവും കുടംബത്തിലൊതുങ്ങി നില്‍ക്കുന്നതുമായ ലൈംഗികജീവിതം നയിക്കുന്നതിലൂടെ നിരവധി അന്യപങ്കാളികളുമായി ചേര്‍ന്ന് അനന്തസാധ്യതകളുള്ള ഒട്ടനവധി പ്രതിഭാശാലികള്‍ക്ക് ജന്മം കൊടുക്കാനുള്ള അവസരം നിങ്ങള്‍ തുലയ്ക്കുകയാണ്! സ്വയംഭോഗത്തിലൂടെ രേതസ്സ് ദുര്‍വ്യയം ചെയ്യുന്നതും തത്ത്വത്തില്‍ ശിശുഹത്യ തന്നെയല്ലേ?! 'ജീവന് വേണ്ടി', 'ഭ്രൂണഹത്യാ വിരുദ്ധം' (Pro-life, Anti-Abortionism) എന്നൊക്കെപ്പറയുമ്പോള്‍ അത് മനുഷ്യരുടെ ജീവനെമാത്രം കേന്ദ്രീകരിച്ചുള്ള വാദമായി പരിമിതപ്പെടുന്നുവെന്ന കാര്യം മറക്കരുത്. മനുഷ്യജീവന് മാത്രമാണ് മഹത്വം! കൃത്യമായി പറഞ്ഞാല്‍ 'മതഭ്രൂണം'('communal embryo')! അക്കാര്യത്തില്‍ മാത്രമാണ് ദൈവത്തിന് നിര്‍ബന്ധബുദ്ധിയുള്ളത്! ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്ടം.
ഒരു കോശത്തിന് മനുഷ്യപദവി നല്കുന്നതുപോലും പരിണാമസിദ്ധാന്തമനുസരിച്ച് എളുപ്പമല്ല. ജീവിവര്‍ഗ്ഗങ്ങളിലെ കോശപരിണാമമെന്നത് ഒരു നിരന്തര പ്രകിയയാണ് (A continuous evolutionary process). നാം പരിണമിച്ചുണ്ടാകുന്നത് നമ്മെക്കാള്‍ ബുദ്ധിവികാസം കുറഞ്ഞ ചിമ്പാന്‍സിക്ക് സമാനമായ വാനരവര്‍ഗ്ഗത്തില്‍ നിന്നുമാണ്. ചിമ്പാന്‍സിയില്‍നിന്ന് മനുഷ്യനിലേക്കെത്തുമ്പോള്‍ കോശഘടനയില്‍ വളരെ ലഘുവായ മാറ്റങ്ങള്‍ മാത്രമേ സംഭവിക്കുന്നുള്ളു. ക്രോമസോമുകളുടെ എണ്ണത്തിലുള്ള വ്യത്യാസവും വളരെ നേരിയതാണ്. മനുഷ്യനും ചിമ്പാന്‍സിക്കും ഇടയിലുള്ള അവാന്തരവിഭാഗങ്ങളുടെ കോശങ്ങളെ ഏത് വിഭാഗത്തില്‍പ്പെടുത്തണം എന്ന സംശയം ന്യായമായും ഉയരാം. ഉദാഹരണമായി ആസ്‌ട്രേലോപിതിക്കിസ് അഫാറെന്‍സിസ് (Australopithecus afarensis) എന്ന പൂര്‍വികനെ തന്നെയെടുക്കുക. എന്ത് പദവിയാണ് ടിയാന്റെ കോശത്തിന് മതമൗലികവാദികള്‍ നല്കുക?
മനുഷ്യനുമായി കൂടുതല്‍ സമാനതകളുള്ള അവാന്തരവര്‍ഗ്ഗങ്ങളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞേക്കും. 



ആഫ്രിക്കയില്‍ കണ്ടെത്തിയ 'ലൂസി'എന്ന് പേരുകൊടുത്ത ആദിമസ്ത്രീയുടെ ഫോസില്‍ ഇത്തരത്തിലുള്ള നിരവധി തെളിവുകള്‍ പ്രതീക്ഷിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. പുതിയ 'ലൂസി'മാര്‍ രംഗത്തെത്തുമ്പോള്‍ അവരുടെ കോശങ്ങളുടെ പദവി നിശ്ചയിക്കുന്നതും പ്രശ്‌നമാകാനിടയുണ്ട്. പണ്ട് വര്‍ണ്ണവിവേചനസമയത്ത് ദക്ഷിണാഫ്രിക്കയില്‍ നിലവിലിരുന്നതുപോലെ ഒരാളെ 'മനുഷ്യനാണോ അല്ലയോ'എന്ന് വിധി പറയാന്‍ വരെ കോടതികള്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കാം!

Monday 17 October 2011

17. സ്വാമി പറഞ്ഞ സത്യം

Justice V.R Krishna Iyer
കഴിഞ്ഞ ദിവസം (15.10.2011 രാത്രി 10 മണി) ഏഷ്യാനെറ്റില്‍ 'നമ്മള്‍ തമ്മില്‍' എന്ന ജനപ്രിയ പരിപാടിയില്‍ അതിഥിയായി ഞാന്‍ പങ്കെടുത്തിരുന്നു. ജസ്റ്റീസ്. വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ കമ്മീഷന്‍ (Commission on Rights and Welfare of Women and Children)കേരള സര്‍ക്കാരിന് സമര്‍പ്പിച്ച വനിതാ സംരക്ഷണബില്ലിനെ കുറിച്ചായിരുന്നു ഇത്തവണത്തെ 'തമ്മില്‍തല്ലല്‍'. പ്രസ്തുത ബില്ലില്‍ കേരളത്തിലെ സ്ത്രീകളുടെ സുരക്ഷ, അവകാശാധികാരങ്ങള്‍ എന്നിവ സംബന്ധിച്ച് ഒട്ടനവധി ഗുണകരമായ നിര്‍ദ്ദേശങ്ങളുണ്ടെങ്കിലും പ്രതീക്ഷിച്ചപോലെ അതൊന്നും ചര്‍ച്ചയ്ക്ക് വന്നില്ല. രണ്ടു കുട്ടികളില്‍ കൂടുതല്‍ ജനിപ്പിക്കുന്ന മാതാപിതാക്കളെ ശിക്ഷയും പിഴയും ചുമത്തി നിരുത്സാഹപ്പെടുത്തണമെന്ന നിര്‍ദ്ദേശത്തെ ചുറ്റിപ്പറ്റി സംവാദം തളംകെട്ടിക്കിടന്നു.

 ശിക്ഷയും പിഴയും ഒഴിച്ചുനിറുത്തിയാല്‍ ഇതേ നയങ്ങളടങ്ങുന്ന ശിപാര്‍ശകള്‍ 2000 ല്‍ ദേശീയ ജനസംഖ്യാ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും ആയവ കഴിഞ്ഞ ഒരു ദശകമായി കേന്ദ്രസര്‍ക്കാര്‍ കൃത്യതയോടെ പിന്തുടരുകയും ചെയ്യുന്നുണ്ടെങ്കിലും 'രണ്ടുകുട്ടികള്‍ മതി 'എന്നത് കൃഷ്ണയ്യരുടെ സ്വന്തം 'കണ്ടുപിടുത്ത'മെന്ന നിലയിലാണ് പലരും അഭിപ്രായം പറഞ്ഞത്. സത്യത്തില്‍ 1950 കള്‍ മുതല്‍ ഭാരതസര്‍ക്കാര്‍ തുടര്‍ന്നുവരുന്ന ജനസംഖ്യാനയത്തിന്റെ കാതലും ജനനനിയന്ത്രണം തന്നെയാണെന്ന് നമുക്കറിയാം. 


കെ.സി.ബി.സി നേതൃത്വത്തില്‍ കത്തോലിക്കാ ഭ്രൂണങ്ങളെ അഗാധമായി സ്‌നേഹിക്കുന്ന,'ജീവനുവേണ്ടി' നിലകൊള്ളുന്നു എന്നു വാദിക്കുന്ന ചില പ്രോ-ലൈഫ് പ്രവര്‍ത്തകരും(Pro-life activists),പത്ത് കുട്ടികളുള്ള മേരി-റോയ് ദമ്പതികളും (അവരുടെ 9 കുട്ടികള്‍ സഹിതം) തിരുവനന്തപുരത്തെ പുളിയറക്കോണത്തുള്ള ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ ചര്‍ച്ചയ്ക്കായി എത്തിയിരുന്നു. പുറമെ, ഒരു മുന്‍ എം.എല്‍.എ, ഒരു മുസ്‌ളീം പുരോഹിതന്‍, ഒരു നിയമജ്ഞന്‍, ഒരു എന്‍.ജി.ഒ യൂണിയന്‍ നേതാവ് എന്നിവരോടൊപ്പം കോഴിക്കോട് സയന്‍സ് ട്രസ്റ്റിന്റെ ജോയിന്റ് സെക്രട്ടറിയായ സിദ്ധിക്ക് തൊടുപുഴയും പരിപാടിയില്‍ പങ്കെടുത്തു. ഈ പരിപാടിയുടെ രണ്ടാം ഭാഗം അടുത്ത ശനിയാഴ്ച പ്രക്ഷേപണം ചെയ്യുന്നുണ്ട്.

എന്തൊക്കെ പറഞ്ഞാലും ഇക്കാര്യത്തില്‍ മതങ്ങള്‍ക്കെതിരെ മാത്രം ആരും ഒരക്ഷരം പറയരുതെന്ന് മരിക്കാത്ത രാഷ്ട്രീയമോഹങ്ങള്‍ ഇപ്പോഴും താലോലിക്കുന്ന മുന്‍ എം.എല്‍.എ വികാരാധീനയായി അഭ്യര്‍ത്ഥിച്ചു: 'പ്‌ളീസ് മതത്തെ മാത്രം ഒന്നും പറയരുത്...പ്‌ളീസ്...!!!' ഗര്‍ഭഛിദ്രത്തിന് വിധേയമാക്കപ്പെട്ടതായി അവകാശപ്പെട്ട ഒരു അസ്സല്‍ 'മനുഷ്യഭ്രൂണ'വുമായാണ് ഒരു 'ഭ്രൂണസ്‌നേഹി'ചര്‍ച്ചയ്ക്ക് വന്നത്. ഏതോ 
പരീക്ഷണശാലയില്‍നിന്ന്‌ ടിയാനത് അടിച്ചുമാറ്റിയതാണത്രെ. മനുഷ്യശിശുവിന് 2 മാസം പ്രായമുള്ളപ്പോള്‍ ഇങ്ങനെയിരിക്കുമെന്നതിനാല്‍ അപ്പോള്‍ ഗര്‍ഭഛിദ്രം നടത്തിയാല്‍ ഭ്രൂണം വേദനകൊണ്ട് നിലവിളിക്കുമെന്ന് ജനത്തെ ബോധ്യപ്പെടുത്താനാണ് താനിത് കൊണ്ടുനടക്കുന്നതെന്നും അദ്ദേഹം എന്നോടു പറഞ്ഞു. 


വാസ്തവത്തില്‍ അതൊരു അസ്സല്‍ ഭ്രൂണമായിരുന്നില്ല. മാത്രമല്ല, കുറഞ്ഞത് 6-7 മാസം പൂര്‍ത്തിയായ ഒരു ഭ്രൂണത്തിനുണ്ടാകാനിടയുള്ള വളര്‍ച്ചയും ആ മാതൃകയ്ക്കുണ്ടായിരുന്നു. കൊച്ചുകുട്ടികള്‍ക്ക് പോലും എളുപ്പം മസ്സിലാക്കാനാവുന്ന ഇക്കാര്യം ഞാന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം അവിശ്വസനീയമായ ആത്മവിശ്വാസത്തോടെ നിഷേധിക്കുകയായിരുന്നു. പ്രോ-ലൈഫ് ആക്റ്റിവിസ്റ്റെന്ന നിലയില്‍ ഉപജീവനം നടത്തുന്ന ഒരു വ്യക്തിയായതിനാല്‍ കൂടുതല്‍ സംസാരിച്ചിട്ടും കാര്യമില്ലെന്ന് വ്യക്തമായിരുന്നു. നമുക്കറിയാം, ഒരു കോടിയിലേറെ പേര്‍ കാണുന്ന ഈ പരിപാടിയില്‍ ആഴത്തിലുള്ളതും ഗൗരവപൂര്‍ണ്ണവുമായ ചര്‍ച്ച ഏതാണ്ട് അസാധ്യമാണ്. ഗൗരവവും ആഴവും കൂടിക്കഴിഞ്ഞാല്‍ കാണാന്‍ ആളുണ്ടാവില്ലെന്നതാണ് മാധ്യമസത്യം. 

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഹിന്ദുമതത്തിന്റെ പ്രതിനിധികള്‍ ആരുമുണ്ടായിരുന്നില്ല. ആവേശത്തോടെ പങ്കെടുത്ത ക്രൈസ്തവ-മുസ്‌ളീം പ്രതിനിധികള്‍ പറഞ്ഞതിതാണ്: ഇന്ത്യയില്‍ 121 കോടി ജനങ്ങളുണ്ടാവാം, പക്ഷെ എത്ര ജനസംഖ്യ കൂടിയാലും പ്രശ്‌നമില്ല, ഇനിയും കൂടുതല്‍ കുട്ടികള്‍ വേണം, ജനസംഖ്യ വര്‍ദ്ധിക്കണം, ജനനനിയന്ത്രണം പാടില്ല, അല്ലെങ്കില്‍ രാജ്യത്തിന്റെ കാര്യം പോക്കാണ്. ജനസംഖ്യാനിയന്ത്രണം അമേരിക്കന്‍ ഗൂഡാലോചനയാകുന്നു... എണ്ണത്തില്‍ കൂടുതലുള്ള ബഹുശിശുവാദികള്‍ തങ്ങളുടെ പ്രസ്താവന കയ്യടിച്ച് സ്വയം പാസ്സാക്കാനും മറന്നില്ല.

ഇത്രയും വലിയ ജനസംഖ്യയുമായി ഇന്ത്യ പുരോഗമിക്കുന്നെങ്കില്‍ അതിന്റെ കാരണം ഇവിടുത്തെ ജനസംഖ്യ തന്നെയാണെന്ന തകര്‍പ്പന്‍ 'സാമ്പത്തികസിദ്ധാന്ത'മാണ് അവര്‍ മുന്നോട്ടുവെച്ചത്. ഗര്‍ഭിണി അതിവേഗം സഞ്ചരിച്ചാല്‍ അതിന് കാരണം ഗര്‍ഭമാണെന്ന് മനസ്സിലാക്കികൊള്ളണമെന്ന് സാരം. ജനസംഖ്യയെങ്ങാനും താഴോട്ടുപോയാല്‍ അമേരിക്ക ഇന്ത്യയെ(മാത്രമല്ല ചൈനയേയും!) അപ്പടി വിഴുങ്ങുമെന്നും അവര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഒറ്റനോട്ടത്തില്‍ സംഗതി വളരെ രസകരമാണ്. ദൈവമാണ് ഇവിടെയും മുഖ്യ കഥാപാത്രം. അതിനൊരു പ്രത്യേക കാരണമുണ്ട്. പൊതുവേദികളില്‍ നടക്കുന്ന പരസ്യമായ ഏതൊരു ചര്‍ച്ചയിലും 'ദൈവ'ത്തെ എടുത്തിട്ടാല്‍ എതിരാളികള്‍ക്ക് മിണ്ടാട്ടം മുട്ടുമെന്നാണ് പരമ്പരാഗത മതസങ്കല്‍പ്പം. ദൈവം നല്ലൊരു 'സംവാദസംഹാരി'(debate stopper) ആണെന്ന് മതവിശ്വാസി കണക്കുകൂട്ടുന്നു. കുട്ടികളെ തരുന്നത് ദൈവമാണ്! വിശ്വാസി സാഹചര്യമൊരുക്കി മാറിനില്‍ക്കുന്നവനാണ്. അവനതില്‍ വിശേഷിച്ച് പങ്കൊന്നുമില്ല. ദൈവം ദാനം തരുന്ന കുഞ്ഞുങ്ങളെ വേണ്ടെന്ന് പറയാന്‍ മനുഷ്യനാര്?

ലോകജനസംഖ്യ 1804 ല്‍ നൂറ് കോടി കടന്നു. 123 വര്‍ഷത്തിനുശേഷം 1927 ല്‍ അതിരട്ടിയായി. 1969 ല്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങുമ്പോള്‍ ലോകജനസംഖ്യ 300 കോടി. 2011 ല്‍ അത് 700 കോടി മറികടന്നു. ഈ നിരക്കില്‍ നാം ആയിരം കോടിയാകാന്‍ അധികകാലം വേണ്ടിവരില്ല. ജനസംഖ്യയെക്കുറിച്ചുള്ള ഏതൊരു ചര്‍ച്ചയിലും അവശ്യം ഓര്‍ത്തുവെക്കേണ്ട ഒരു കണക്കാണിത്. മനുഷ്യപൂര്‍വികരായ ഓസ്ട്രലപിതിക്കസ് 25-28 വയസ്സുവരെയേ ജീവിച്ചിരുന്നുള്ളുവെന്ന് പരിണാമശാസ്ത്രജ്ഞര്‍. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 55 ആയി നിജപ്പെടുത്താന്‍ കാരണം 1950 കളില്‍ മലയാളിയുടെ 
ശരാശരി
ആയുസ്സ് 40 ലും താഴെയായിരുന്നുവെന്നതാണ്. ഇപ്പോഴത് 75 വയസ്സിന് മുകളിലെത്തിയിരിക്കുന്നു. അതായത് ദൈവം' ദാനം ചെയ്ത' മരണനിരക്കും ആയുര്‍ദൈര്‍ഘ്യവും ശാസ്ത്രസഹായത്തോടെ നിയന്ത്രിക്കാവുന്നതാണ്. ജനിക്കുന്ന കുട്ടികളില്‍ പകുതിയും ജനനത്തിലേ മൃതിയടയുന്ന സാഹചര്യമായിരുന്നു 2 നൂറ്റാണ്ടിന് മുമ്പുവരെ. ഇന്നത് ഗണ്യമായി കുറഞ്ഞിരിക്കുന്നു. അതെ, ദൈവം തീരുമാനിച്ചുറപ്പിച്ച ശിശുമരണനിരക്കും നമുക്ക് നിയന്ത്രിക്കാം. ദൈവം രോഗം അയച്ചാല്‍ ആശുപത്രിയില്‍ വെച്ച് ചികിത്സയിലൂടെ അട്ടിമറിക്കാം. ഇവിടെയെല്ലാം ദൈവതീരുമാനം ശാസ്ത്രബുദ്ധ്യാ ഭേദഗതിചെയ്യാം, നമ്മുടെ ഇഷ്ടാനുസരണം ലംഘിക്കാം. പക്ഷെ ജനനനിയന്ത്രണം മാത്രം പാടില്ല!! അതുമാത്രം ദൈവത്തിന് ഇഷ്ടപെടില്ല!! കാരണം: മതത്തില്‍ ആളുകുറയും!!!!

കുട്ടികള്‍ കുറഞ്ഞാല്‍ പ്രേഷിതവേലയ്ക്കും ജിഹാദിപ്രവര്‍ത്തനത്തിനും ആളിനെ കിട്ടാതെയാവും, വോട്ടുബാങ്കുരാഷ്ട്രീയം ദുര്‍ബലപ്പെടും. അനാഥാലയങ്ങളും മതപാഠശാലകളും 
അസംസ്‌കൃതവസ്തുക്കളില്ലാതെ(inputs)
കഷ്ടപ്പെടും. കോടികള്‍ മുടക്കി സ്‌ക്കൂളും കോളേജുമൊക്കെ പണിത് വലിയ കലത്തില്‍ വെള്ളം പിടിച്ചുവെച്ചിട്ടുണ്ട് - അവിടെ പഠിക്കാന്‍ കുട്ടികള്‍ വേണം. 'മതകുട്ടികള്‍' തന്നെയാണ് ഉത്തമം! രാജ്യം മുടിഞ്ഞോട്ടെ, പട്ടിണി ഇരമ്പിക്കോട്ടെ, തൊഴിലില്ലായ്മ പെരുകികോട്ടെ, ഞങ്ങളുടെ മതത്തിന്റെ അംഗസംഖ്യ കൂടണം!! ഇനി കുറയക്കണമെന്ന് അത്ര നിര്‍ബന്ധമുണ്ടെങ്കില്‍ മറ്റു മതക്കാര്‍ കുറച്ചോട്ടെ-No complaints. ഈ മതവാശി ജനസംഖ്യയുടെ കാര്യത്തിലേയുള്ളു എന്നറിയണം. വേറൊരു കാര്യത്തിലും ഇതേ പ്രശ്‌നമില്ല. റോഡ് വികസിക്കാതെ വാഹനങ്ങളുടെ എണ്ണം കൂടുന്നതു മുതല്‍ ഒരുമാതിരിയുള്ള 'പെരുക്ക'ങ്ങളെല്ലാം അസ്വസ്ഥതയോടെ കാണുന്നവരാണ് മിക്ക മതവിശ്വാസികളും. സൗകര്യങ്ങള്‍ കുറയുന്നതിനെക്കുറിച്ചും വിഭവദൗര്‍ലഭ്യത്തെക്കുറിച്ചുമൊക്കെ ഏറെ വാചാലരാകുന്നവരാണിവര്‍. 


മറ്റു ചിലരാകട്ടെ, കൂടുതല്‍ കുട്ടികള്‍ വേണമെന്ന് പറയുന്നത് കരുതല്‍ നടപടിയെന്ന (precautionary measure) നിലയിലാണ്. അതായത് ഓന്നോ രണ്ടോ മരിച്ചാലും കുറച്ച് കുട്ടികള്‍ ബാക്കി കാണുമല്ലോ?! ഗാന്ധാരിക്ക് നൂറ് ആണ്‍കുട്ടികളുണ്ടായിരുന്നുവെന്നും അവസാനം ആരും അവശേഷിച്ചില്ലെന്നുമാണ് മഹാഭാരതകഥ. കെട്ടുകഥയാണെങ്കിലും അങ്ങനെയും സംഭവിക്കാമെന്നതില്‍ തര്‍ക്കമില്ല. എല്ലാ കുട്ടികളും കൊല്ലപ്പെടുന്ന രോഗമോ അപകടമോ കൊടുത്ത് മുന്‍കരുതല്‍വാദക്കാരുടെ പദ്ധതി അട്ടിമറിക്കാന്‍ ദൈവം 'തീരുമാനിച്ചാല്‍'  ഇത്തരക്കാരുടെ 'സ്റ്റെപ്പിനി തന്ത്രം' തകര്‍ന്നടിയും. കുട്ടികളെ 'തരുന്ന' ദൈവം കുട്ടികളെ 'തിരിച്ചെടുത്താല്‍' അതിനെതിരെയുള്ള മുന്‍കരുതലായിട്ടാണ് ഈ 'ശിശുജനനയുക്തിവാദം'നടപ്പിലാക്കുന്നതാണത്രെ!

131 കോടി ജനങ്ങളുള്ള ചൈനയുടെ ഭൂവിസ്തൃതി ഇന്ത്യയുടേതിന് മൂന്നിരിട്ടിയായതിനാല്‍ ഏതുനിലയ്ക്കും ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തിലേറ്റവും കൂടുതല്‍ ദരിദ്രരുള്ളതും ഈ മഹദ്‌രാജ്യത്തിലാകുന്നു. അടുത്ത സെന്‍സസില്‍ സംഖ്യാപരമായും നാം ചെനയുടെ മുന്നില്‍ കയറുമെന്ന കാര്യത്തില്‍ അവര്‍ക്കോ നമുക്കോ സംശയമില്ല. ഇന്ത്യയുടെ മൂന്നിരട്ടി വലുപ്പമുള്ള അമേരിക്കയില്‍ ജനസംഖ്യ 31.14 കോടിയാണെങ്കില്‍ നമ്മുടെ ഏതാണ്ട് മൂന്നിരട്ടി വലുപ്പമുള്ള ഓസ്‌ട്രേലിയയില്‍ അത് കേവലം 2.15 കോടിയാണ്. ജനസാന്ദ്രതയുടെ കാര്യത്തിലും ഇരുനൂറ്റിയമ്പതോളം വരുന്ന ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ആദ്യത്തെ ഇരുപത്തിയഞ്ചിലാണ്. ഉത്തര്‍പ്രദേശിലെ മാത്രം ജസംഖ്യ മാത്രം 20 കോടിയാണ്. 20 കോടിജനങ്ങളുള്ള വിരലിലെണ്ണാവുന്ന രാജ്യങ്ങളേ ഈ ഭൂമുഖത്തുള്ളു. ജനസംഖ്യ കുറയുകയും ജനനനിരക്ക് താഴോട്ടുപോകുകയും ചെയ്യുന്ന രാജ്യങ്ങളില്‍ ഉയര്‍ന്ന ജനനനിരക്കും കുടിയേറ്റവും പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. അതവിടങ്ങളിലെ സവിശേഷ സാഹചര്യം കാരണമാണ്. അത് ചൂണ്ടിക്കാട്ടി ജനപ്പെരുപ്പംമൂലം വീര്‍പ്പുമുട്ടുന്ന രാജ്യങ്ങളും 'അവര്‍ കൂട്ടുന്നതിനാല്‍ നമുക്കും കൂട്ടണം' എന്ന വാദമുയര്‍ത്തുന്നത് വിചിത്രമാണ്.

ജനനനിരക്ക് കൂട്ടുകയെന്നത് ഹ്രസ്വകാലത്തില്‍ സാധിതമാക്കാവുന്ന ഒന്നാണ്. ഒരു ദശകംകൊണ്ട് നല്ല മാറ്റമുണ്ടാക്കാനാവും. എന്നാല്‍ ഒരു കുട്ടി ജനിച്ചുകഴിഞ്ഞാല്‍ ശരാശരി 70 വര്‍ഷം അതൊരു സാമൂഹിക യാഥാര്‍ത്ഥ്യമായി നിലനില്‍ക്കും. മാതാപിതാക്കള്‍ക്ക് മാത്രമായി കുട്ടികളെ വളര്‍ത്താനാവില്ല. ജനിച്ചു വീഴുന്ന ഓരോ കുട്ടിയും രാജ്യത്തിനും സമൂഹത്തിനും ഒരുപിടി കടമകളും കര്‍ത്തവ്യങ്ങളും സമ്മാനിക്കുന്നെണ്ടെന്ന കാര്യം മറക്കരുത്. ലോകമെമ്പാടും ജനസംഖ്യ നിയന്ത്രിക്കാനുള്ള തീവ്രശ്രമങ്ങള്‍ നടന്നുവരികയാണ്. കേരളത്തില്‍ ജനസംഖ്യയുടെ കുറഞ്ഞതായി ആര്‍ക്കെങ്കിലും തോന്നുന്നുവോ? അങ്ങനെയൊരു വിഭ്രാന്തി ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ നല്ല കാര്യം തന്നെ! ഒപ്പം മലയാളികളില്‍ നല്ലൊരു ശതമാനം ഇവിടെ ജീവിക്കുന്നില്ലെന്ന് കൂടി അറിഞ്ഞുവെക്കണം. എന്നിട്ടും പാര്‍പ്പിടം, കൃഷി, ഗതാഗതം പോലുള്ള മേഖലയില്‍ ശ്വാസംമുട്ടുന്ന അവസ്ഥയാണിവിടെ. കൃഷിഭൂമി അപ്രത്യക്ഷമാകുകയും വ്യവസായം പകല്‍ക്കിനാവുകയും ചെയ്യുന്ന ഈ നാട് ദിനംപ്രതി ഒരു വലിയ പാര്‍പ്പിടകോളനിയായി രൂപാന്തരപ്പെടുകയാണ്.

കൃഷ്ണയ്യര്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ അംഗങ്ങളില്‍ എല്ലാവരും ഒപ്പിട്ട് ഇറങ്ങിപ്പോന്നെങ്കിലും അവസാനം മതം കൊലവിളി നടത്തിയതോടെ ചില മതപ്രതിനിധികള്‍ പ്‌ളേറ്റ് തിരിച്ചുവെക്കുകയായിരുന്നു. ഞങ്ങളറിഞ്ഞില്ല, ഞങ്ങള്‍ എതിര്‍ത്തിരുന്നു, ഞങ്ങളോട് ചോദിച്ചില്ല എന്നിങ്ങനെ പ്രാസമൊപ്പിച്ച പദാവലികള്‍ നിരത്തി അവര്‍ പൊതുസമൂഹത്തിന് മുന്നില്‍ ഇളിഭ്യരായി. ബില്ലിലെ പിഴയും ജയില്‍ശിക്ഷയും കൃഷ്ണസ്വാമി അയ്യര്‍ ബുദ്ധിപൂര്‍വം ഉള്‍പ്പെടുത്തിയതാണെന്ന് വ്യക്തം. ബില്ലെന്ത്, നിയമമെന്ത് എന്ന് തിരിച്ചറിയുന്നവര്‍ ഈ സൃഗാലബുദ്ധി കാണാതിരിക്കില്ല. ഈ ഇനങ്ങള്‍ കാണുമ്പോള്‍ മതവാദികളിലെ ബുദ്ധിരാക്ഷസന്‍മാരും മതഭയം മൂത്ത നിക്ഷ്പക്ഷവാദികളും പിഴ,ശിക്ഷ-ശിക്ഷ,പിഴ എന്ന് നിലവിളിച്ച് ബഹളം വെക്കുമെന്ന് ഊഹിക്കാം. അതൊക്കെ കഴിഞ്ഞ് 'ബാക്കിയുള്ളതൊക്കെ എടുക്കാം'എന്ന് പൊതുസമൂഹം ചിന്തിക്കുന്ന അവസ്ഥ സംജാതമാകും. മാത്രമല്ല, ആ ഒരൊറ്റ കാരണം കൊണ്ടുതന്നെ വ്യാപകമായ ചര്‍ച്ചയ്ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ പാത്രീഭിവിക്കുകയും ആയത് ജനസംഖ്യാനിയന്ത്രണം സംബന്ധിച്ച ശക്തമായ അവബോധം ജനങ്ങളില്‍ വളര്‍ത്തുമെന്നും പ്രതീക്ഷിക്കാം. എന്നാല്‍ അപ്പോഴും 'രണ്ടു കുട്ടികള്‍' എന്ന നിബന്ധന മതമൗലികവാദികള്‍ക്ക് സ്വീകാര്യമാവില്ല. അവസാനം പിഴയും ശിക്ഷയുമൊക്കെ ഒഴിവാക്കി ബില്‍ നിയമസഭ പാസ്സാക്കുമ്പോള്‍ ജനസംഖ്യാനിയന്ത്രണമെന്നത് അനിവാര്യമായ യാഥാര്‍ത്ഥ്യമാണെന്ന ചിന്ത ജനങ്ങളില്‍ രൂഡമൂലമാകുമെന്ന് പ്രതീക്ഷിക്കാം.

2005 ല്‍ വര്‍ക്കി മാര്‍ വിതയത്തില്‍ എന്ന കത്തോലിക്കാ ബിഷപ്പ് കേരളത്തില്‍ ക്രൈസ്തവരുടെ ജനസംഖ്യ കുറയുന്നതിനെക്കുറിച്ച് ഒരു വിലാപപ്രസ്താവന നടത്തുകയുണ്ടായി. ഭാവിയില്‍ കേരളം ഒരു മുസ്‌ളീം ഭൂരിപക്ഷപ്രദേശമായി മാറുമെന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്. കേരളീയരില്‍ 19.5% (1991) ഉണ്ടായിരുന്ന ക്രൈസ്തവര്‍ 2001 ആയപ്പോഴേക്കും 19% ആയി കുറഞ്ഞതാണ് ആ മതമനത്തില്‍ വിഷാദഛായ പടര്‍ത്തിയത്. മുഖ്യ എതിരാളികളായ മുസ്‌ളീങ്ങളാകട്ടെ 24-25% ലേക്ക് കുതിക്കുകയും ചെയ്തു. ജനസംഖ്യ കൂടിയതോടെ മുസ്‌ളീം മൗലികവാദി സംഘടനകള്‍ ജനസംഖ്യാനുപാതത്തില്‍ തൊഴില്‍സംവരണം ഉള്‍പ്പെടെയുള്ള 'പുതിയ നിരക്കുകള്‍' വേണെമെന്നാവശ്യപ്പെട്ട് കേരളത്തിലെമ്പാടും വ്യാപകമായ പോസ്റ്റര്‍ യുദ്ധം നടത്തിയതും കത്തോലിക്കരെ അസ്വസ്ഥരാക്കി. ക്രൈസ്തവ ജനസംഖ്യ എങ്ങനെയും വര്‍ദ്ധിപ്പിച്ചേതീരൂ എന്ന നിഗമനത്തില്‍ അവരെത്തിയത് അങ്ങനെയാണ്. അതായത് ഭ്രൂണത്തെ സ്‌നേഹിക്കുകയോ ദൈവം തരുന്നത് വാങ്ങിക്കുകയോ അല്ല മറിച്ച് വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടു കൂടിയുള്ള സാമൂഹികആസൂത്രണമാണ് (social engineering) ജനസംഖ്യവര്‍ദ്ധനവിലുള്ളത്. കാരണം പണ്ടവര്‍ ജനനനിയന്ത്രണം നടപ്പില്‍ വരുത്തിയപ്പോള്‍ ദൈവത്തിന് പരാതിയൊന്നും ഇല്ലെന്ന് നന്നായി മനസ്സിലാക്കിയവരാണവര്‍. ദൈവവും ഭ്രൂണസ്‌നേഹവുമൊക്കെ ഈ മതപ്പൂതിക്ക് വെള്ളപൂശാനുള്ള അടവുകള്‍ മാത്രം.

ദളിതരുടെ ഇരട്ടിയിലധികം തൊഴില്‍ സംവരണത്തിന് തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും അത് നിഷേധിച്ച് മുന്നോട്ടുപോകുന്നത് നഗ്നമായ നീതിനിഷേധവും ഹൈന്ദവപാക്ഷപാതിത്വവുമാണെന്ന് പരാതിപ്പെടുന്ന മുസ്‌ളീംസുഹൃത്തുക്കളെ ഈ ലേഖകനറിയാം. അതെ, ഒന്നും വെറുതെ സംഭവിക്കുന്നില്ല. പിടിച്ച് നില്‍ക്കാന്‍ ദളിതരും ആസൂത്രിതമായി ജനസംഖ്യ കൂട്ടണമെന്ന സന്ദേശം തന്നെയാണിവിടെ കടന്നുവരുന്നത്. പാകിസ്ഥാനില്‍ വിഭജനസമയത്ത് 14% ന്യൂനപക്ഷങ്ങളുണ്ടായിരുന്നു. സ്വഭാവികമായും അതില്‍ ദളിതരും ഉള്‍പ്പെട്ടിരുന്നു. മൊത്തത്തില്‍ ഹിന്ദുക്കളായി പരിഗണിച്ച് രണ്ടാംകിട പൗരന്‍മാരായി താറടിക്കുന്നതല്ലാതെ അവര്‍ക്കെന്തെങ്കിലും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാന്‍ പാക്‌സര്‍ക്കാര്‍ ഇന്നുവരെ തയ്യാറായിട്ടില്ല. എന്തിനേറെ അവിടെ ദളിതന് പൊതുസ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യാന്‍ പോലും അവകാശമില്ല. തങ്ങള്‍ ഹിന്ദുക്കളല്ലെന്ന ദളിത് തീവ്രവാദവും അവരെ തുണയ്ക്കുന്നില്ല. മുസ്‌ളീങ്ങള്‍ക്കിടയിലെ അവാന്തര വിഭാഗമായ അഹമ്മദിയക്കാരെ രണ്ടാം കിട പൗരരായി കണ്ട് അവരെ കൊണ്ട് ജയിലുകള്‍ നിറയ്ക്കുന്ന പാകിസ്ഥാന്‍കാര്‍ക്കുണ്ടോ ഇതൊക്കെ ശ്രദ്ധിക്കാന്‍ നേരം?! ഹിന്ദുക്കളല്ലെങ്കില്‍ പിന്നെ ഇസ്‌ളാമാണോ? എന്ന ചോദ്യമുയര്‍ത്തപ്പെട്ടതോടെ സ്വമതം ശരിക്കും മറക്കാന്‍ അവരും പ്രേരിതരരാവുകയായിരുന്നു. കേവലം ഒരു ശതമാനമാണ് ഇന്ന് പാകിസ്ഥാനിലെ അമുസ്‌ളീംങ്ങളുടെ ജനസംഖ്യ. അതുകൊണ്ട് തന്നെ പാകിസ്ഥാനിലെ ജനസംഖ്യ നിയന്ത്രിക്കാനുള്ള തീവ്രശ്രമങ്ങളാണ് കഴിഞ്ഞ 20 വര്‍ഷമായി അവിടെ നടക്കുന്നത്;കൂടുതല്‍ ബോധവത്ക്കരണം ലഭിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കും.

വയനാട്ടിലെ രണ്ട് കത്തോലിക്ക ഇടവകകളില്‍ അഞ്ചാമത്തെ കുട്ടിക്ക് 225 അമേരിക്കന്‍ ഡോളര്‍ (ഇപ്പോള്‍ പതിനായിരം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്) സമ്മാനം നല്‍കുന്ന പദ്ധതി നിലവിലുണ്ട്. കല്‍പ്പറ്റയിലെ St Vincent De Paul Forane Church ആണ് അതിലൊന്ന്. നാലാമത്തെ കുട്ടി ആകുമ്പോഴേക്കും അമ്മയുടെ അനാരാഗ്യമോ പിതാവിന്റെ അവശതകളോ ചൂണ്ടിക്കാട്ടി സന്താനോത്പ്പാദനം നിറുത്തിയാല്‍ ഈ രാജ്യത്തിന്റെ ഗതിയെന്താകും?! ഒരു കുട്ടിക്ക് ഇതിനകം 225 ഡോളര്‍ നല്‍കി കഴിഞ്ഞുവത്രെ. കേരളത്തിലെമ്പാടും അഞ്ചും ആറും കുട്ടികളുള്ള അമ്മമാരെ ആദരിക്കുന്ന മതചടങ്ങുകള്‍ നടന്നുവരികയാണ്. തോര്‍ത്തും പൊന്നാടയും സോപ്പും 'മെഡലു'മൊക്കെയാണ് അമ്മമാര്‍ക്ക് സമ്മാനം! അതൊക്കെ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ കുട്ടികളെ വളര്‍ത്താന്‍ വളരെ എളുപ്പമാണല്ലോ!? രാജ്യത്തിന്റെ അഭിമാനമായ 'ധീരവനിത'കളായി ഈ അമ്മമാരെ വാഴ്ത്തുന്ന ഇത്തരം ചടങ്ങുകളില്‍വെച്ച് കുറച്ച് കുട്ടികള്‍ മാത്രമുള്ള മാതാപിതാക്കള്‍ക്ക് കുറ്റബോധം തോന്നുന്നുവെങ്കില്‍ അതൊരു നല്ല കാര്യമല്ലേ?! പൊതുവെ ക്രൈസ്തവ-മുസ്‌ളീം സമുദായങ്ങളാണ് കേരളത്തില്‍ ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ജനസംഖ്യ കുറയുമെന്ന് ഏറ്റവുമധികം ആശങ്കപ്പെടുന്നത് അവരാണ്. എണ്ണംകൊണ്ടും വണ്ണംകൊണ്ടും ശരിയായ ന്യൂനപക്ഷവിഭാഗങ്ങളായ പാഴ്‌സികള്‍, ബുദ്ധര്‍, ജൈനര്‍ എന്നിവര്‍ക്ക് ഈ വേവലാതിയില്ലാത്തത് അവരുടെ രാജ്യസ്‌നേഹത്തിന്റെ കുറവുകൊണ്ടാകാനേ തരമുള്ളു.

രണ്ട് കുട്ടികളാകുമ്പോഴേക്കും സന്താനോത്പ്പാദനം നിറുത്ത കുടുംബങ്ങളെ മഹലില്‍ നിന്ന് അനൗദ്യോഗികമായി ബഹിഷ്‌ക്കരിക്കുന്ന ഏര്‍പ്പാട് കാസര്‍കോട്ട് പലയിടത്തും ശക്തമാണ്. 'സ്വസമുദായത്തെ വഞ്ചിക്കുക'യാണത്രെ ഇക്കൂട്ടര്‍ ചെയ്യുന്നത്. മാര്‍ പവ്വത്തില്‍ എന്നപേരില്‍ അറിയപ്പെടുന്ന ഒരു പുരോഹിതശ്രഷ്ഠന്‍ കത്തോലിക്കര്‍ തങ്ങളുടെ കുട്ടികളെ സ്വന്തം സ്‌ക്കൂളില്‍ തന്നെ പഠിപ്പിച്ച് മതതടവറ ശക്തിപ്പെടുത്തണമെന്ന അഭിപ്രായക്കാരനാണ്. ഒപ്പം ആധുനികലോകത്തില്‍ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയാണ് താനെന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്യുന്നു!!! ഭ്രൂണത്തെ സ്‌നേഹിക്കുന്നു, ജീവനെ സ്‌നേഹിക്കുന്നു, കുട്ടികളെ സ്‌നേഹിക്കുന്നു...എന്നൊക്കെ വിളിച്ചുകൂവുന്നവര്‍ സ്വമതത്തിലെ ഭ്രൂണങ്ങളെ മാത്രമേ സ്‌നേഹിക്കുന്നുള്ളു എന്നത് ആശ്വാസകരമല്ലേ! സ്വന്തം മതാംഗങ്ങള്‍ അഞ്ചുംആറും പ്രസവിക്കുമ്പോഴേ അവര്‍ വാഴ്ത്തിപ്പാടുന്നുള്ളു. അതായത് വെറുതെ ഭ്രൂണവും കുട്ടികളും ഉണ്ടായാല്‍ പോരാ സ്വമതത്തിലെ ഭ്രൂണം തന്നെ രക്ഷപെടണം!! എങ്കിലെ ഉദ്ദേശിച്ച കാര്യം നടക്കൂ. മുസ്‌ളീങ്ങള്‍ക്കിടയിലെ ഉയര്‍ന്ന ജനനനിരക്കിനെ പരിഹസിച്ച് നടന്ന ക്രൈസ്തവരും ഇന്ന് അതേ ശാഠ്യത്തിലേക്ക് നീങ്ങാനൊരുങ്ങുമ്പോള്‍ പൊതുസമൂഹം അക്ഷരാര്‍ത്ഥത്തില്‍ പകച്ച് നില്‍ക്കുകയാണ്. പക്ഷെ ഒരാശ്വാസമുണ്ട്, ഭ്രൂണസ്‌നേഹം മൂത്ത് അന്യസമുദായക്കാരും ജനനനിയന്ത്രണം നടത്താന്‍ പാടില്ലെന്ന് ഇവര്‍ ശാഠ്യംപിടിക്കുന്നില്ല. അങ്ങനെയെങ്ങാനും സംഭവിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?!

കൂടുതല്‍ ഹിന്ദുകുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുമെന്ന് വിശ്വഹിന്ദു പരിഷത്തെന്ന ഹിന്ദുവര്‍ഗ്ഗീയ സംഘടന പ്രഖ്യാപിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. കേരളത്തില്‍ ഹിന്ദുമതത്തെ പ്രതിനിധീകരിക്കുന്നവെന്ന് അവകാശപ്പെടന്ന കുമ്മനം രാജശേഖരന്‍ എന്നൊരു 
അനുപമപ്രതിഭ
പറഞ്ഞത് കേരളത്തില്‍ ഹിന്ദുക്കള്‍ ഇതിനകം 48 ശതമാനമായെന്നും പതിനാലില്‍ ആറ് ജില്ലകളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായെന്നുമാണ്. ഇത് രസകരമായ ഒരു കണക്കാണ്. മുസ്‌ളീങ്ങള്‍ ഭൂരിപക്ഷമായ മലപ്പുറമുള്‍പ്പെടെയുള്ള ജില്ലകളില്‍ മുസ്‌ളീങ്ങള്‍ക്ക് 'ന്യൂനപക്ഷപദവി' ലഭിക്കുമ്പോള്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ജില്ലകളില്‍ അവര്‍ക്ക് 'ഭൂരിപക്ഷാവകാശം' ലഭിക്കുന്നു. മുസ്‌ളീംങ്ങള്‍ ഭൂരിപക്ഷമായ കാശ്മീരിലും അവര്‍ക്ക് 'ന്യൂനപക്ഷാവകാശ'മാണുള്ളത്. നാഗലാന്‍ഡിലും ഗോവയിലും ക്രൈസ്തവര്‍ക്കും ന്യൂനപക്ഷാവകാശം ലഭിക്കുന്നു. ഇന്ത്യ മൊത്തത്തില്‍ കണക്കെടുക്കുമ്പോഴാണ് ന്യൂനപക്ഷം എന്ന നിര്‍വചനം പൂത്തുലയുന്നത്. ലോകം മൊത്തമായി മാറിയാല്‍ ഹിന്ദുക്കള്‍ മൊത്തം ഒറ്റയടിക്ക് ന്യൂനപക്ഷമായി മാറും. എല്ലാമെല്ലാം ചിന്തോദ്ദീപകമായ മത കണക്കുകള്‍!!

ലോകമെമ്പാടും മുസ്‌ളീം സമുദായം പൊതുവെ കുടുംബാസൂത്രണ നിയമങ്ങളോട് താല്‍പര്യമില്ലാത്തവരാണെന്ന പ്രചരണം മറ്റ് സമുദായങ്ങള്‍ നടത്താറുണ്ട്. ഇന്ത്യയുടെ കാര്യത്തില്‍ ഇത് ഏറെക്കുറെ ശരിയാണെങ്കിലും ലോകത്തെ മുസ്‌ളീം രാജ്യങ്ങള്‍ മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ ഈ വാദത്തില്‍ കഥയില്ലെന്ന് കാണാം; വിശേഷിച്ചും കഴിഞ്ഞ 30 വര്‍ഷങ്ങളിലെ കണക്കനുസരിച്ച്. ഇന്ത്യയില്‍ മുസ്‌ളീങ്ങള്‍ക്കിടയിലെ Total Fertility Rate(TFR) 3.6 ആണെങ്കില്‍ ഹിന്ദുകളുടേത് 2.8 ഉം ക്രൈസ്തവരുടേത് 2.4 ഉം ആണ്. അതായത് ഇന്ത്യയിലെ ഒരു മുസ്‌ളീംമാതാവിന് ശരാശരി 3.6 കുട്ടികളുള്ളപ്പോള്‍ ക്രൈസ്തവ വനിതയ്ക്ക് 2.4 കുട്ടികളേയുള്ളു. 2.1 ആണ് സുസ്ഥിരവളര്‍ച്ചയുടെ നിരക്കായി പൊതുവെ കരുതപ്പെടുന്നത്. കൂടുതല്‍ പെണ്‍കുട്ടികളും കുറഞ്ഞ ആണ്‍കുട്ടികളുമാണ് ഈ നിരക്കില്‍ ഉണ്ടാകുകയെന്നും അനുമാനിക്കപ്പെടുന്നു. ഇന്ന് 23 കോടി ജനങ്ങളുള്ള ഇന്തോനേഷ്യയിലെ മതനേതൃത്വം ഒരിക്കല്‍ എല്ലാത്തരത്തിലുള്ള വന്ധ്യംകരണത്തേയും അന്ധമായി എതിര്‍ത്തിരുന്നു. ഇന്നവര്‍ വാസക്ടമി ഉള്‍പ്പെടെയുള്ള സ്വമേധയായുള്ള പുരുഷ വന്ധ്യംകരണശ്രമങ്ങളെ പ്രോത്സാഹിപ്പിക്കന്നു. പാകിസ്ഥാനിലെ മുസ്‌ളീം പുരോഹിതര്‍ പള്ളിപ്രസംഗത്തിന് ശേഷം കുടുംബാസൂത്രണത്തെക്കുറിച്ച് വാചാലരാകുന്നു, ഗര്‍ഭനിരോധന ഉറകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു(Indo-Asian News Service (12/18/2006). ഇന്ന് പാകിസ്ഥാനിലെ ജനസംഖ്യാവര്‍ദ്ധന നിരക്ക് അമ്പരപ്പിക്കുന്ന തോതില്‍ കുറഞ്ഞുവെന്നതും ശ്രദ്ധേയമാണ്(3.7%(1990)-1.6%(2006)-Xinhua General News Service dt 2/1/2007). ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ജനസംഖ്യ-സാമൂഹികസ്ഥിതിവിരക്കണക്കിന്റ യൂണിററ് (Demographic and Social Statistics unit of the U.N. Statistical Division of December 2007) നടത്തിയ പഠനമനുസരിച്ച് അറബ് രാജ്യങ്ങളിലെ ജനനനിരക്ക് കുറഞ്ഞുവരികയാണ്. മാത്രമല്ല 20 വയസ്സിന് താഴെയുള്ള അമ്മമാരുടെ കാര്യത്തില്‍ പ്രത്യേകിച്ചും.

ലോകമെമ്പാടും ജനനനിരക്ക് കുറഞ്ഞുവരികയാണെന്ന് ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുണ്ട്. മറിച്ച് സംഭവിക്കുന്നത് ആഫ്രിക്കയിലെ ഉപസഹാറാ മേഖല, മധ്യഅമേരിക്ക, യെമന്‍, പാലസ്തീന്‍ ടെറിറ്ററി എന്നിവിടങ്ങളില്‍ മാത്രമാണ്. 1980-99 കാലഘട്ടത്തില്‍ ജനനനിരക്കില്‍ ഏറ്റവും വലിയ കുറവ് വരുത്തിയ പത്ത് രാജ്യങ്ങളില്‍ എട്ടും മുസ്‌ളീം രാജ്യങ്ങളാണെന്നതാണ്(ടൈംസ് ഓഫ് ഇന്ത്യ, 5/6/2001) മറ്റൊരു കൗതുകകരമായി വസ്തുത. കുവൈറ്റ്, ടുണീഷ്യ, യു.എ.ഇ, ലബനന്‍ തുടങ്ങി പല അറബ് രാജ്യങ്ങളിലേയും പ്രത്യുത്പ്പാദനനിരക്ക് (The Total Fertility Rates /TFR)സുസ്ഥിരനിരക്കായ 2.1 നോട് അടുത്ത് എത്തിയിട്ടുണ്ട്. തുര്‍ക്കി(2.1), ഇന്തോനേഷ്യ(2.2) എന്നിവയും ഏതാണ്ട് ആ നിരക്കിനോടുക്കുന്നു. അള്‍ജീരിയയില്‍ 2.4 ഉം മൊറോക്കയിലും 2.5 ഉം (5.6 in 1979, 2.5 in 2003) ആയിരുന്നുവെങ്കിലും വീണ്ടും കുറയുന്നതായി യു.എന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അള്‍ജീരിയയില്‍ 1966-77 കാലയളവില്‍ ജനസംഖ്യാവര്‍ദ്ധനവ് 3.12% ആയിരുന്നുവെങ്കില്‍ 1987-1997 ല്‍ അത് 2.28% ആയി ഇടിയുകയുണ്ടായി(Xinhua, 7/6/1999). 1973 ല്‍ 3% ആയിരുന്ന ബംഗ്‌ളാദേശിലെ ജനസംഖ്യാവര്‍ദ്ധന നിരക്ക് 1999 ല്‍ കേവലം 1.6% ആയി കുറയുകയുണ്ടായി(Xinhua, 7/6/1999). അള്‍ജീരിയ സ്വന്തം അനുഭവത്തില്‍ നിന്ന് പാഠം പഠിച്ച രാജ്യമാണ്. 1951 ല്‍ അള്‍ജീരിയയിലും അയല്‍രാജ്യമായ ടുണീഷ്യയിലും 40 ലക്ഷമായിരുന്നു ജനസംഖ്യ. ഇന്ന് ടുണീഷ്യന്‍ ജനസംഖ്യ 90 ലക്ഷമാണെങ്കില്‍ അള്‍ജീരിയയില്‍ 3 കോടിയാണ്. ആഫ്രിക്കയില്‍ ഏറ്റവുമധികം കുതിച്ചുകയറ്റം നടത്തുന്ന വികസ്വരരാജ്യമായി ടുണീഷ്യ മാറിയപ്പോള്‍ വന്‍ ജനസംഖ്യയുമായി ആഭ്യന്തരകലഹത്തിലും അരാജകത്വത്തിലും പട്ടിണിയിലും കിടന്ന് നട്ടംതിരിയുകയാണ് അള്‍ജീരിയ. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബംഗ്‌ളാദേശി അമ്മമാര്‍ ശരാശരി 6-7 കുട്ടികള്‍ക്ക് ജന്മം കൊടുത്തിരുന്നുവെങ്കില്‍ ഇന്നത് മൂന്നായി ചുരുങ്ങിയിരിക്കുന്നു(Financial Express (5/17/2006). ജനസംഖ്യാനിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉയര്‍ന്ന ജനനനിരക്കുണ്ടായിരുന്ന ജോര്‍ദ്ദാനിലും വന്‍കുറവാണ് ടി.എഫ്. ആര്‍ നിരക്കിലുണ്ടായിട്ടുള്ളത്(7.4(1977)-3.4(2002)/Associated Press (12/ 2002).

ലോകത്ത് ഏറ്റവും വലിയ തോതില്‍ 
ജനസംഖ്യാനിയന്ത്രണവും
ജനനനിരക്ക് വ്യതിയാനവും രേഖപ്പെടുത്തുന്ന രാജ്യം മതാധിഷ്ഠിത രാജ്യമായ ഇറാനാണ്. 1989-99 കാലഘട്ടത്തില്‍ ഇറാനിലെ ജനസംഖ്യാര്‍ദ്ധനനിരക്ക് അമ്പത് ശതമാനം കുറയുകയുണ്ടായി. അതയത് ഏതാണ്ട് 3 % ല്‍ നിന്ന് 1.47% ലേക്ക് വര്‍ദ്ധനനിരക്ക് താഴ്ന്നു(The Christian Science Monitor, 11/19/1999). 2001 ല്‍ ഇത് വീണ്ടും കുറഞ്ഞ് 1.2% ആയി. പ്രത്യുത്പ്പാദനനിരക്കാകട്ടെ, അമ്പതുകളില്‍ ഒരമ്മയ്ക്ക് 5 കുട്ടികള്‍ ആയിരുന്നത് 1989-99 കാലത്ത് മൂന്നായി. പക്ഷെ 2000 ല്‍ ഒരു വനിതയ്ക്ക് 2 എന്ന നിരക്കിലേക്ക് വന്നു. എന്നാല്‍ യു.എന്‍.സ്റ്റാറ്റിസ്റ്റിക്കല്‍ ഡിവിഷന് നടത്തിയ പുതിയ പഠനത്തില്‍ ഇത് 1.7 ആയി വീണ്ടും കുറഞ്ഞതായാണ് കാണിക്കുന്നത്.ലോകത്തേറ്റവും കൂടുതല്‍ ജനനനിരക്കുള്ള യെമനില്‍പോലും കഴിഞ്ഞ ദശകത്തില്‍ ജനന നിരക്കില്‍ നിര്‍ണ്ണായകമായ കുറവ് രേഖപ്പെടുത്തി. 

സ്ത്രീകള്‍ വന്‍തോതില്‍ സാമൂഹികവും ലിംഗപരവുമായ വിവേചനം നേരിടുന്ന ഇറാനില്‍പോലും കുടുംബാസൂത്രണ ശ്രമങ്ങള്‍ വന്‍തോതിലുള്ള മാറ്റമാണ് കൊണ്ടുവന്നിട്ടുള്ളത്. 'ദൈവത്തിന്റെ സംഭാവന'ചൂണ്ടിക്കാട്ടി 'ജനസംഖ്യാബോംബു'ണ്ടാക്കാന്‍ അവര്‍ തയ്യാറല്ലെന്ന് സാരം. 7-8 കോടിയില്‍ തങ്ങളുടെ ജനസംഖ്യ ക്രമീകരിക്കാന്‍ ഇറാന് സാധിച്ചിരിക്കുന്നു. ലോകത്തേറ്റവും കൂടുതല്‍ ജനനനിരക്ക് റിപ്പോര്‍ട്ടു ചെയ്യുന്ന മറ്റൊരു പ്രദേശം പാലസ്തീന്‍ ടെറിറ്ററിയാണെന്ന് സൂചിപ്പച്ചല്ലോ. അവിടെ കുട്ടികളെ ഒരു സംരക്ഷണകവചമായാണ് അമ്മമാര്‍ കരുതുന്നത്. യുദ്ധവും പട്ടിണിയും തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും നടമാടുന്ന അത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ വര്‍ദ്ധിച്ച കുടുംബസുരക്ഷ കൊണ്ടുവരുമെന്ന് അവര്‍ വിശ്വാസിച്ചുപോകുന്നു. മാത്രമല്ല ഭാവിയില്‍ യുദ്ധം ചെയ്യാനും ധാരാളം കുട്ടികളെ ആവശ്യമുണ്ട്.

എന്തിനേറെ, സൗദി അറേബ്യയില്‍പ്പോലും ജനനനിരക്ക് കുറയുകയാണ്. ദശകങ്ങള്‍ക്ക് മുമ്പ് ഒരമ്മയ്ക്ക് 5-6 കുട്ടികള്‍ എന്ന സ്ഥിരംനിരക്കായിരുന്നു അവിടെയുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതിവിശേഷം മാറുകയാണ്. ചുരുക്കത്തില്‍ മുസ്‌ളീംരാഷ്ട്രങ്ങളില്‍ ജനനനിരക്ക് കുറയുകയാണ്;വളരെ ആസൂത്രിതമായി തന്നെ. മിക്ക മുസ്‌ളീം രാജ്യങ്ങളിലും ജനസംഖ്യാനിയന്ത്രണ ശ്രമങ്ങള്‍ സജീവവുമാണ്. ന്യൂനപക്ഷം വരുന്ന തീവ്രമതവാദികള്‍ എതിര്‍പ്പുയര്‍ത്തുന്നുവെന്നുവെങ്കിലും മുഖ്യധാരാ മതനേതൃത്വങ്ങളുടേയും സര്‍ക്കാരിന്റെയും പിന്തുണയും ഈ ഉദ്യമങ്ങളെ പോഷിപ്പിക്കുന്നുവെന്നതും ശ്രദ്ധിക്കണം. ഗര്‍ഭധാരണത്തിന് വേണ്ടിയല്ലാത്ത ലൈംഗീകബന്ധത്തെ( Coitus interruptus) മുഹമ്മദ് പിന്തുണച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കുര്‍-ആന്‍ ജനസംഖ്യാ നിയന്ത്രണത്തിന് എതിരല്ലെന്ന് സ്ഥാപിക്കാനും മതനേതാക്കള്‍ ശ്രദ്ധിക്കുന്നു. 



അതേസമയം  നിര്‍ണ്ണായക സ്വാധീനമില്ലാത്ത രാജ്യങ്ങളില്‍ ഉയര്‍ന്ന ജനനനിരക്ക് നിലനിറുത്താനും ഇസ്‌ളാം ശ്രദ്ധിക്കുന്നു. ജനസംഖ്യ വര്‍ദ്ധിപ്പിച്ച് അവിടങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ തന്നെയാണവര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ കഴിഞ്ഞ ദശകത്തില്‍ കാര്യമായ ജസംഖ്യാവര്‍ദ്ധനവുണ്ടായത് മലപ്പുറം ജില്ലയിലാണ്. അതുമൂലം ആ ജില്ലയില്‍ നാല് നിയമസഭാമണ്ഡലങ്ങള്‍ അധികമായി വരുകയും കൃത്യമായും ആ നാലുമണ്ഡലങ്ങള്‍ പുതിയ UDF സര്‍ക്കാരിന്റെ ഭൂരിപക്ഷമായി തീരുകയും ചെയ്തു. ജനസംഖ്യാ വര്‍ദ്ധനവിന് വേണ്ടിയുള്ള മുറവിളിയുടെ രാഷ്ട്രീയവശമാണതില്‍ പ്രതിഫലിക്കുന്നത്. 


യൂറോപ്പിലെ ക്രൈസ്തവരാജ്യങ്ങള്‍ പൊതുവെ ജനസംഖ്യാനിയന്ത്രണത്തെ അകമഴിഞ്ഞ് പിന്തുണയ്ക്കുമ്പോഴും കത്തോലിക്കാ വിഭാഗം എണ്ണം കൂട്ടുന്നതില്‍ വലിയതോതില്‍ ഉത്സുകരാണ്. കത്തോലിക്കര്‍ക്ക് ഗണ്യമായ സ്വാധീനമുള്ള ലാറ്റിന്‍ അമേരിക്കയില്‍ കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ ജനസംഖ്യ രണ്ടിരട്ടിയായിട്ടാണ് വര്‍ദ്ധിച്ചത്. ജനസംഖ്യ കൂട്ടുക എന്നാല്‍ തങ്ങളുടെ 'മതസംഖ്യ' കൂട്ടുക എന്നതുതന്നെയാണ് മതങ്ങളുടെ ലക്ഷ്യം. 'എണ്ണം' പ്രധാനമായ ജനാധിപത്യത്തില്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്ന പ്രകടമായ ഈ ലക്ഷ്യത്തിന് മറയിടാനാണ് ഭ്രൂണസ്‌നേഹവും മനുഷ്യവിഭവശേഷിയോടുള്ള നിലയ്ക്കാത്ത പ്രണയവുമൊക്കെ എഴുതിക്കാണിക്കുന്നത്. കൊന്നും തിന്നും അറപ്പുതീരാത്ത, മനുഷ്യജീവന് പുല്ലുവില കല്‍പ്പിക്കാത്ത, ഒരു പള്ളിയുടെ നിയന്ത്രണാവകാശത്തെച്ചൊല്ലി പോലും പരസ്പരം ക്ഷമിക്കാനും പൊറുക്കാനും കഴിയാത്ത മതശക്തികള്‍ ഭ്രൂണസ്‌നേഹവുമായി വീര്‍പ്പുമുട്ടുന്നത് കാണുമ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ സമൂഹം സ്തംഭിച്ചു നില്‍ക്കുന്നു. 


യന്ത്രവല്‍ക്കരണവും ആധുനിക സാങ്കേതികവിദ്യയും ഉള്ള മനുഷ്യശേഷി തന്നെ അധികപ്പറ്റാക്കി മാറ്റിയ ലോകത്ത് വര്‍ദ്ധിച്ച ജനസംഖ്യ 'നോട്ടക്കൂലി' സംസ്‌ക്കാരവും പരോക്ഷ തൊഴിലില്ലായ്മയും(disguised unemployment) കൊണ്ടുവരുന്നതാണ് നാം കാണുന്നത്. 'ജോലി ചെയ്യാന്‍ യന്ത്രവും കൂലി വാങ്ങാന്‍ മനുഷ്യരും' എന്ന സിദ്ധാന്തം ഇന്ന് ഏറെ വികസിച്ചിരിക്കുന്നു. ജനസംഖ്യ വര്‍ദ്ധിപ്പിച്ചതിലൂടെ ഇന്നുവരെ ഒരു രാജ്യവും പുരോഗമിച്ചിട്ടില്ല. ഇന്ന് നിലവിലുള്ള സുഭിക്ഷരാജ്യങ്ങളൊക്കെ കുറഞ്ഞ ജനസംഖ്യയും കുറഞ്ഞ ജനന നിരക്കുമാണ് കാണിക്കുന്നത്. അവരെയൊക്കെ മണ്ടരായി കാണാന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷെ യാഥാര്‍ത്ഥ്യം അങ്ങനെയായി കൊള്ളണമെന്ന് ശഠിക്കുന്നതില്‍ കഥയില്ല. 

ജസംഖ്യാവര്‍ദ്ധനവിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി നീണ്ട ഉപന്യാസങ്ങളെഴുതിയാണ് നാം പത്താംതരം പാസ്സാകുന്നത്. അതുകൊണ്ടുതന്നെ അതൊന്നും ഇവിടെ എഴുതിവെക്കുന്നില്ല. ഇന്ത്യയെ സംബന്ധിച്ച് ജനസംഖ്യാ 'വര്‍ദ്ധനനിരക്കില്‍' കുറവ് കാണിച്ചതുകൊണ്ടുമാത്രം ഇനിയങ്ങോട്ട് വലിയ കഥയില്ല. കാരണം 120 കോടിയുടെ 5 ശതമാനം 50 കോടിയുടെ 10 ശതമാനത്തേക്കാള്‍ കൂടുതലാണ്. ജനസംഖ്യ കുറയുന്നത് 'പാപ'മാണെന്ന് കരുതുന്നവര്‍ രാജ്യത്തിന് അതിനൊരവസരം നല്‍കുകയാണ് വേണ്ടത്. കഴിഞ്ഞ 30 വര്‍ഷമായി ജനസംഖ്യാനിയന്ത്രണത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങളാണ് ചൈന കൈവരിച്ചത്. ഉയര്‍ന്ന ജനസംഖ്യയെന്നതിലുപരി മെച്ചപ്പെട്ട ജനസംഖ്യാനിയന്ത്രണമാണ് ആ രാജ്യത്തിന്റെ മുന്നേറ്റത്തിന് ഹേതുവായതെന്ന് കാണണം. കൂടിയ ജനസംഖ്യ രാജ്യപുരോഗതിക്ക് സഹായിക്കുമെങ്കില്‍ ലോകമെമ്പാടും എല്ലാവരും ആ 'എളുപ്പവഴി' സ്വീകരിക്കുമായിരുന്നു. രാജ്യതാല്‍പര്യം തൃണവല്‍ക്കരിച്ച് 'മതതാല്‍പര്യം'ഉയര്‍ത്തിപ്പിടിക്കുന്നവര്‍ അവശ്യം ശ്രദ്ധിക്കേണ്ട വസ്തുതയാണിത്.***
('ഭ്രൂണസ്‌നേഹം വാഴ്ത്തുവാന്‍ വാക്കുകള്‍ പോരാ'-അടുത്ത പോസ്റ്റില്‍)

Thursday 6 October 2011

16. മതസ്സമാധാനം

Leo Tolstoy
അലസനും അത്യാഗ്രഹിയും മോഹസമ്പന്നനുമായ വിശ്വാസി ദൈവത്തെ പ്രത്യക്ഷപ്പെടുത്താനായി തപസ്സിരുന്നു. അദ്ധ്വാനിച്ച് സമ്പത്തുണ്ടാക്കുക എന്ന യുക്തിവാദം അയാള്‍ക്ക് അചിന്ത്യമായിരുന്നു. ഭക്തന് മുമ്പില്‍ പ്രത്യക്ഷപ്പെടാനുള്ള ശേഷി പണ്ട് ദൈവത്തിന് ഉണ്ടായിരുന്നതിനാല്‍ ഒട്ടും വൈകാതെ ദര്‍ശനം നല്‍കപ്പെട്ടു.

''നാമെത്തിയിരിക്കുന്നു; നിനക്കെന്തുവേണം വല്‍സാ''

എന്ന അര്‍ത്ഥത്തില്‍ ദൈവം എന്തോ പിറുപിറുത്തു. ആവേശം തിരതല്ലിയ മനസ്സോടെ ഭക്തിമൂര്‍ച്ഛയില്‍ കുഴഞ്ഞുവീഴുമെന്നായി.

എന്തുവേണം? അയാള്‍ ചിന്തിച്ചു. പെട്ടെന്ന് ഉത്തരം വേണമെന്ന ദൈവത്തിന്റെ മുന്നറയിപ്പ് അയാളെ കുഴക്കി. ഞൊടിയിടയില്‍ പലതും ആലോചിച്ചു. കൂടുതല്‍ ഭൂമിയുള്ളവരാണ് നാട്ടിലെ പ്രതാപശാലികള്‍. ഭൂമിയുണ്ടെങ്കില്‍ പിന്നെ എല്ലാം പിറകെയെത്തിക്കോളും. മരണംവരെ അദ്ധ്വാനിക്കാതെ ജീവിക്കാം. അതുകൊണ്ടുതന്നെ തനിക്ക് ഭൂമിയാണ് വേണ്ടതെന്ന് അയാള്‍ ദൈവത്തെ അറിയിച്ചു. എത്ര വേണമെന്ന ദൈവത്തിന്റെ ചോദ്യത്തിന് മുന്നില്‍ ഭക്തന്‍ വീണ്ടും പരുങ്ങി. ഭൂമി വേണമന്നല്ലാതെ ഭൂമിയുടെ വിസ്തീര്‍ണ്ണത്തിന്റെ യൂണിറ്റൊന്നും അയാള്‍ക്കറിയില്ലായിരുന്നു.
''നീ നാളെ രാവിലെ എഴുന്നേറ്റ് നടക്കുക. വൈകുന്നേരം വരെ നടന്നു തീര്‍ക്കുന്ന ഭാഗം മുഴുവന്‍ നിന്റേതാകും.''- പ്രശ്‌നപരിഹാരവുമായി ദൈവത്തിന്റെ അരുളിപ്പാടുണ്ടായി.

ശേഷം ദൈവം സ്ഥലം കാലിയാക്കി. ഭക്തന് പിന്നെ ഉറക്കമില്ലായിരുന്നു. പിറ്റേന്ന് അതിരാവിലെ അയാള്‍ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങി. കയ്യില്‍ കഴിയുന്നത്ര ഭക്ഷണവും വെള്ളവും കരുതിയിരുന്നു. വിശ്രമിക്കാന്‍ ഒട്ടും മനസ്സു വന്നില്ല. കണ്ണില്‍ കണ്ട ധനികഗൃഹങ്ങളും മാളികകളും കൃഷിയിടങ്ങളും അയാള്‍ നടന്ന് സ്വന്തമാക്കി. മതി വരാതെ ഒരു ഭ്രാന്തനെപ്പോലെ അയാള്‍ തലങ്ങും വിലങ്ങും നടന്നു. മൈലുകള്‍ പിന്നിട്ടിട്ടും വിശ്രമമില്ല. സൂര്യതാപമേറ്റ് വാടി തളര്‍ന്നുവെങ്കിലും ഒരു നിമിഷം പോലും നഷ്ടപ്പെടുത്താന്‍ അയാള്‍ തയ്യാറായിരുന്നില്ല.

ഭക്ഷണവും വെള്ളവുമൊക്കെ നടക്കുന്നതിനിടയില്‍ തന്നെ അകത്താക്കി. ഒന്നു രണ്ടുതവണ തട്ടിവീണെങ്കിലും കുടഞ്ഞെഴുന്നേറ്റു നടത്തം തുടര്‍ന്നു. കുറെക്കഴിഞ്ഞപ്പോള്‍ അയാള്‍ തളര്‍ന്നുവീഴാന്‍ തുടങ്ങി, പല പ്രാവശ്യം. ഉച്ചയായതോടെ ഒരിഞ്ച് നടക്കാനാവില്ലെന്ന് തോന്നിയെങ്കിലും തലേന്ന് കണ്ട വെളിപാടിന്റെ പ്രേരണയില്‍ അയാള്‍ ഏന്തിവലിഞ്ഞ് നടന്നുകൊണ്ടേയിരുന്നു. മോഹപൂരിതമായ മനസ്സ്! വെളിപാടിന്റെ ശക്തി! പക്ഷെ ഭ്രാന്തനെപ്പോലെ ഇഴഞ്ഞുനീങ്ങിയ അയാള്‍ അവസാനം മൂര്‍ച്ഛിച്ചു വീഴുക തന്നെ ചെയ്തു. വീണിടത്തുനിന്ന് എഴുന്നേല്‍ക്കാനാവാതെ അയാള്‍ അവിടെക്കിടന്ന് അന്ത്യശ്വാസം വലിച്ചു. അപ്പോഴും ദിവസത്തിന്റെ പകുതിയും കൊണ്ടുപോയ ഭക്ഷണത്തില്‍ നല്ലൊരു പങ്കും ബാക്കിയുണ്ടായിരുന്നു. വൈകുന്നേരം തന്റെ കൃഷിയിടം സന്ദര്‍ശിക്കാനിറങ്ങിയ അവിടുത്തെ ഭൂപ്രഭു പുരയിടത്തില്‍ ആരോ വീണുകിടക്കുന്നത് ദൂരെ നിന്ന് കണ്ടതിനാല്‍ വാല്യക്കാരനെ അങ്ങോട്ടയച്ചു. വാല്യക്കാരന്‍ ശവത്തിനടുത്ത് അതൊരു മനുഷ്യനാണെന്ന് പ്രഭുവിനെ അറിയിച്ചു.

''ഓ! കഷ്ടം! ശരി, അയാളെ മറവ് ചെയ്യാന്‍ എത്ര ഭൂമി വേണം?''-പ്രഭുവിന്റെ സുതാര്യമായ ചോദ്യം.
''വെറും ആറടി''- ഉടന്‍ വന്നു വാല്യക്കാരന്റെ മറുപടി.

അത്യാഗ്രഹവും മോഹചിന്തയും കൊണ്ട് യാഥാര്‍ത്ഥ്യം റദ്ദ് ചെയ്യാനാവില്ലെന്ന് നമ്മോട് പറയുന്ന ഈ കഥ പല രൂപത്തില്‍ നിലവിലുണ്ടെങ്കിലും പ്രശസ്തമാക്കിയത് ലിയോ ടോള്‍സ്റ്റോയിയാണ്,'ഒരാള്‍ക്ക് എത്ര ഭൂമി വേണം' എന്ന അദ്ദേഹത്തിന്റെ അതിമനോഹരമായ ചെറുകഥ നാം ചെറിയ ക്‌ളാസ്സില്‍ പഠിക്കുന്നുണ്ട്. കിനാവ് കണ്ട് പ്രതിസന്ധികള്‍ തരണം ചെയ്യാനും ആഗ്രഹചിന്തയില്‍ അഭിരമിച്ച് ജീവിതയാതനകള്‍ നീക്കം ചെയ്യാനും തീവ്രമതവിശ്വാസി പരിശീലിക്കുന്നുണ്ട്. അവസാനം പ്രതീക്ഷകളുടെ പട്ടടയില്‍ ആറടി മണ്ണിന്റെ ജന്മിയായി അയാള്‍ ഒടുങ്ങുന്നു. മതവിശ്വാസം വിരാമമില്ലാത്ത ഒരു പകല്‍ക്കിനാവാകുന്നു. അതൊരു വേദനസംഹാരിയാണെന്ന് വാദിക്കുന്നവര്‍ ഒരിക്കലും സ്വപ്നാടനത്തില്‍ നിന്ന് പുറത്ത് വരാന്‍ ആഗ്രഹിക്കാത്തവരാണ്.

ദൈവത്തില്‍ വിശ്വസിക്കാന്‍ ദൈവം ഉണ്ടാകേണ്ടതുണ്ടോ? തീര്‍ച്ചയായുമില്ല. പ്രേതത്തില്‍ വിശ്വസിക്കാന്‍ പ്രേതമോ ജിന്നില്‍ വിശ്വസിക്കാന്‍ ജിന്നോ വേണമെന്ന് ഇന്നുവരെ ആരെങ്കിലും വാശിപിടിച്ചതായും കേട്ടിട്ടില്ല. ഉള്ളതാണെങ്കില്‍ ഇത്ര 'വിശ്വസിക്കേണ്ട' കാര്യമെന്ത് എന്ന് ചോദിക്കുന്ന രസികന്‍മാരും കുറവല്ല. ശരിയാണ്, ആരും സൂര്യനിലോ അന്തരീക്ഷവായുവിലോ പ്രകാശത്തിലോ വിശ്വസിക്കുന്നില്ല. കാരണം അവയൊക്കെ ഉള്ളതാകുന്നു. ദൈവവും പ്രേതവുമൊക്കെ ഇല്ലാതിരിക്കുന്നതാണ് വിശ്വാസികള്‍ക്ക് എന്തുകൊണ്ടും സൗകര്യപ്രദം. ദൈവമുണ്ടായാല്‍ ദൈവവിശ്വാസം അവിടെ സമാപിക്കും. ദൈവവിശ്വാസമെന്നത് ദൈവമുള്ളതുകൊണ്ട് തുടങ്ങിയ ഒന്നല്ല, അത് നിലനിര്‍ത്താനും തുടരാനും ദൈവമുണ്ടാകേണ്ട ആവശ്യവുമില്ല. തെളിവിന്റെയും ആവശ്യമില്ല. കാരണം തെളിവ് ശേഖരിച്ചിട്ട് തുടങ്ങിയ ഒരു സംരംഭമല്ലത്. വികാരം കൊണ്ട് സൃഷ്ടിച്ച ഒന്നിനെ വിചാരം കൊണ്ട് നീക്കം ചെയ്യാനാവില്ലെന്നറിയണം.

ദൈവമില്ലെങ്കില്‍ ദൈവവിശ്വാസം കൊണ്ട് എന്തു പ്രയോജനം? നിരവധി സാമൂഹികതിന്മകളും കറുത്തവശങ്ങളുമുള്ള മതവിശ്വാസത്തിന്റെ മാനം കാക്കാനായി ഇക്കാലത്ത് ഉന്നയിക്കപ്പെടുന്ന വാദമാണ് സമാശ്വാസസിദ്ധാന്തം(Consolation Theory). ഒന്നുമില്ലെങ്കിലും ദൈവവിശ്വാസം മനസ്സമാധാനം കൊണ്ടുവരുന്നില്ലേ? ആത്മവിശ്വാസവും സമാശ്വാസവും കൊണ്ടുവരാന്‍ ദൈവത്തിനാകുന്നുവെങ്കില്‍ തീര്‍ച്ചയായും മതവിശ്വാസം ആ നിലയില്‍ ന്യായീകരിക്കപ്പെടേണ്ടതാണ്. മതവിശ്വാസം മനസ്സമാധാനവും ആത്മവിശ്വാസവും നല്‍കുന്നുവെന്ന മതപ്രചരണം ശരിയാണെങ്കില്‍ ഭൂരിപക്ഷം മതവിശ്വാസികളുള്ള സമൂഹങ്ങളില്‍ ഈ വകുപ്പില്‍ പ്രശ്‌നങ്ങളേ ഉണ്ടാകാന്‍ പാടില്ല. മതാധിപത്യമുള്ള ഏതെങ്കിലും രാജ്യം മനസ്സമധാനവും ശാന്തിയും അനുഭവിക്കുന്നുണ്ടോ? എല്ലാ ദൈവത്തില്‍ സമര്‍പ്പിച്ച് നടക്കുന്നുവെന്ന് വീമ്പിളിക്കുന്ന മതവിശ്വാസിക്ക് ശരിയായ ഉറക്കമെങ്കിലും ലഭിക്കുന്നുണ്ടോ? ദൈവം മനസ്സമാധാനവും ആത്മവിശ്വാസവും നല്‍കുന്നുവെങ്കില്‍ ദൈവത്തിന്റെ അഭാവത്തില്‍ ആ ധര്‍മ്മം നിര്‍വഹിക്കുന്ന ബദലുകളെന്തെങ്കിലും ദൈവനിഷേധികളുടെ പക്കലുണ്ടോ എന്ന ചോദ്യമുയരും.

മറ്റ് ചിലര്‍ പറയുന്നതിതാണ്: ദൈവം എന്നൊന്നില്ലെന്നും സദാചാരനിഷ്ഠയും ധാര്‍മ്മികബോധവും നിലനിറുത്താന്‍ ദൈവത്തിന്റെ ആവശ്യമില്ലെന്നും പറയുന്നവര്‍ നിരവധിയുണ്ടാവാം. എന്നാല്‍ ദൈവം സമാശ്വസിപ്പിക്കുമെന്ന് അവരും സമ്മതിക്കും. വൈകാരികമായി നമുക്ക് ഒരു ദൈവം വേണം. അല്ലെങ്കില്‍ നാം വീണുപോകും. ചില സന്ദര്‍ഭങ്ങളില്‍ ഒരു കൈത്താങ്ങ് അത്യാവശ്യമാണ്. ദെവം അത് നല്‍കുന്നു. മരണാസന്നരായ രോഗികള്‍, നിരാശ്രയര്‍, ദരിദ്രര്‍, ശാരീരിക വൈകല്യമുള്ളവര്‍, അനാഥര്‍, ഒറ്റപ്പെട്ടവര്‍...ഇവര്‍ക്കൊക്ക ദൈവമല്ലാതെ തുണയായി ആരുണ്ട്? സ്വന്തം അനുഭവത്തിന്റെയോ ചിന്താശേഷിയുടെയോ അടിസ്ഥാനത്തില്‍ ഒരുതരത്തിലും ദൈവമെന്ന ആശയത്തെ ന്യായീകരിക്കാന്‍ കഴിയാത്തവരും സമാശ്വാസസിദ്ധാന്തം ചൂണ്ടിക്കാട്ടി മതത്തിന് നേരെ കണ്ണടയ്ക്കുന്നത് കാണാം. എത്ര മോശമായാലും അഗതിക്കും രോഗിക്കും അശരണര്‍ക്കും ഒരു താങ്ങായി ദൈവമല്ലാതെ മറ്റാരുണ്ട്?-ഇതാണ് ചോദ്യം. അറിഞ്ഞോ അറിയാതെയോ മിക്കവരും അതേറ്റുപിടിക്കുന്നു. 



സമ്പന്നരായ ആള്‍ദൈവങ്ങളെ ന്യായീകരിക്കാനും ഈ ന്യായം ഉപയോഗിച്ച് കാണാറുണ്ട്. കപടവും വ്യാജവുമാണെന്ന് വാദിച്ചാലും അവരുടെയൊക്കെ കയ്യില്‍ പണമില്ലേ? അവര്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നില്ലേ? കയ്യിലിരിക്കുന്ന പണമെറിഞ്ഞ് സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നില്ലേ? ആര്‍ക്ക് ചെയ്യാനാവുമിതൊക്കെ? നമ്മുടെ നികുതിപ്പണം കൊള്ളയടിക്കുന്ന സര്‍ക്കാര്‍ പോലും പരാജയപ്പെടുന്നിടത്തല്ലേ ഇവരൊക്കെ വികസനം നടത്തുന്നത്? മതനിഷേധികളാണ് വാദിച്ച് നടക്കുന്ന നക്കാപ്പിച്ച കയ്യിലില്ലാത്തവര്‍ക്ക് സാധിക്കുമോ ഇതൊക്കെ?

സമാശ്വസിപ്പിക്കല്‍ വ്യവസായത്തേയും(Consolation Industry), ജീവകാരുണ്യപ്രസ്ഥാനത്തേയും ആര്‍ക്കും തൊട്ടുകളിക്കാനാവില്ലെന്ന് ആള്‍ദൈവങ്ങള്‍ വീമ്പിളക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ചെയ്യുന്നവര്‍ ആരോ ആയിക്കൊള്ളട്ടെ 'സഹായം' വേണ്ടെന്ന് പറയാന്‍ ആര്‍ക്കുമാകില്ല. കൊള്ളമുതല്‍ വീതിച്ചു കിട്ടിയാലും നന്ദിയും കൂറും കാണിക്കുന്ന സ്വഭാവം മനുഷ്യരെ കയ്യൊഴിയില്ല. എങ്ങനെ പണമുണ്ടാക്കുന്നു എന്നതല്ല തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നതാണ് ഭൂരിപക്ഷവും പരിഗണിക്കുന്ന വസ്തുത. എന്തായാലും ഇത്തരം കാര്യങ്ങള്‍ വിശകലനം ചെയ്യാനായി മതം യഥാര്‍ത്ഥത്തില്‍ മനുഷ്യരെ സമാശ്വസിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. സമാശ്വസിപ്പിക്കുന്നു എന്ന ഒരു വ്യാജപ്രതീതി താല്‍ക്കാലികമായി ഉണ്ടാക്കുകയാണോ മതം ചെയ്യുന്നത്? മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ ദു:ഖവും മാനസികസമ്മര്‍ദ്ദവും ഒഴിവാക്കി നമ്മെ ആശ്വസിപ്പിക്കുന്നുണ്ടല്ലോ. രജനീകാന്തിന്റെ സിനിമ വീണ്ടും കാണുമ്പോള്‍ കൂടുതല്‍ ആശ്വാസം കിട്ടുന്നുവെന്ന് വരെ വാദിക്കുന്നവരുണ്ട്. ആലോചിക്കുക, മതത്തിന് സമാശ്വസിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് വന്നാലും അത് ശരിയാണെന്ന് തെളിയുന്നില്ല(Religion's power to console doesn't make it true). 
Daniel Dennet
മതവിശ്വാസം മനുഷ്യന്റെ മാനസിക ഉന്മേഷത്തിനും സമതുലനാവസ്ഥക്കും അത്യന്താപേക്ഷിതമാണെന്ന് ശാസ്ത്രീയമായി സമര്‍ത്ഥിക്കപ്പെട്ടാലും ലോകത്തുള്ള നിരീശ്വരവാദികളൊക്കെ ആശങ്ക ഉള്‍പ്പെടെയുള്ള മാനസികപ്രശ്‌നങ്ങള്‍ക്കടിപ്പെട്ട് ജീവിതത്തിനും ആത്മഹത്യയ്ക്കുമിടയില്‍ കിടന്നുഴറുകയാണെന്ന് തെളിയിക്കപ്പെട്ടാലും മതം ശരിയാണെന്ന് വരുന്നുമില്ല. ദൈവമില്ലെങ്കിലും ഉണ്ടാകണമെന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള ആഗ്രഹചിന്തയായി മാത്രമേ അതിനെ കാണാനാവൂ. ദൈവത്തിലുള്ള വിശ്വാസവും(Belief in God)വിശ്വാസത്തിലുള്ള വിശ്വാസവും(Belief in Belief)തമ്മിലുള്ള വ്യത്യാസം ഇവിടെ വീണ്ടും പ്രസക്തമാകുന്നു. ദൈവമേ ഞാന്‍ വിശ്വസിക്കുന്നു. അവിശ്വാസത്തെ നേരിടാന്‍ അങ്ങെന്നെ സഹായിക്കണേ-എന്ന പ്രാര്‍ത്ഥന ബൈബിളിലുണ്ട്.

വിശ്വസിച്ചാലും ഇല്ലെങ്കിലും വിശ്വസിക്കുന്നുവെന്ന് നിരന്തരം ഏറ്റുപറയാനുള്ള പരിശീലനം മിക്കവര്‍ക്കും ലഭിക്കുന്നുണ്ട്. ഒരു കാര്യം നിരന്തരം ഏറ്റുപറഞ്ഞുകൊണ്ടിരുന്നാല്‍ സ്വയം ബോധ്യപ്പെടുമെന്നാണ് സങ്കല്‍പ്പം. ആവര്‍ത്തിക്കുന്നത് സത്യമായാലും അസത്യമായാലും ഉണ്ടാകുന്ന ഫലം ഒന്നുതന്നെ. സദാ സ്വയമേറ്റുപറയുന്നു, ചുറ്റുമുള്ള പലരും പറയുന്നു...തെളിവോ വ്യക്തിഗതഅനുഭവമോ ഇല്ലെങ്കിലും വിശ്വാസം വേരുപിടിക്കാന്‍ വിഷമമില്ല. സ്വന്തം വിശ്വാസത്തെപ്പറ്റിയുള്ള ലഘുവിമര്‍ശനം പോലും സഹിക്കാനാവില്ലെന്ന് ഭാവിക്കുന്ന പലരും യഥാര്‍ത്ഥത്തില്‍ വിശ്വാസികളല്ല. യൂറോപ്പിലെ ക്രിസ്ത്യന്‍ പുരോഹിതന്‍മാരുടെ ഇടയിലുള്ള അവിശ്വാസികളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതേ നിരക്കില്‍ മുസ്‌ളീം പുരോഹിതര്‍ക്കിടയില്‍ അവിശ്വാസികള്‍ ഉണ്ടാകില്ല. എന്തെന്നാല്‍ അവിശ്വാസികളെ 'മാതൃകാപരമായി' കൈകാര്യം ചെയ്യാന്‍ അവര്‍ക്കറിയാം! അതുകൊണ്ടുതന്നെ മതത്തിന് പുറത്തുവരുന്ന കാര്യമോര്‍ക്കുമ്പോള്‍ അവരുടെ ദേഹമാസകലം വിറകൊള്ളും. 


വിശ്വാസത്തെപ്പറ്റിയുള്ള അസുഖകരമായ ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് പലരും'അതിവൈകാരികത' അഭിനയിക്കുന്നത്. ദേഹമാസകലം വിസര്‍ജ്യം വാരി തേച്ചാല്‍ ജനം തന്നെ പിടികൂടില്ലെന്ന് കരുതുന്ന മോഷ്ടാവിന്റെ ബുദ്ധിയാണിത്. മതവിശ്വാസം എപ്പോഴും'വ്രണ'പ്പെട്ടുകൊണ്ടിരിക്കും. കാരണം അതൊരു മുറിവാകുന്നു. മനുഷ്യരാശിയുടെ ഹൃദയത്തിലേറ്റ ആഴത്തിലുള്ള ഒരു മുറിവ്!
ഡാന്‍ ഡെനറ്റ് 'ബ്രേക്കിംഗ് ദ സ്‌പെല്‍' എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്ന 'വിശ്വസിക്കുന്നതില്‍ വിശസിക്കുക'എന്ന വാചകം ഭൂരിപക്ഷം മതവിശ്വാസികളെ സംബന്ധിച്ചും അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. മദര്‍ തെരേസയെപ്പോലെ പലരും കപടവിശ്വാസത്തിന്റെ പിറകില്‍ തങ്ങളുടെ അവിശ്വാസം ഒളിച്ചുവെക്കുന്നു. ഡാര്‍ ബാര്‍ക്കറിനെപ്പോലുള്ളവര്‍ വൈകിയാണെങ്കിലും പുറത്തുവരുന്നു. 



മതവിശ്വാസികളില്‍ നല്ലൊരു ശതമാനം അതിഭൗതികവും അതീന്ദ്രിയവുമായ യാതൊന്നിലും വിശ്വസിക്കുന്നില്ലെന്നതാണ് വാസ്തവം. മതം പറയുന്ന ഒട്ടുമിക്ക കാര്യങ്ങളും വിഡ്ഢിത്തമാണെന്ന് അവര്‍ രഹസ്യമായി സമ്മതിക്കും. പൗരോഹിത്യം വലിയ തിന്മയാണെന്ന കാര്യത്തിലും അവര്‍ക്ക് അഭിപ്രായവ്യത്യാസമില്ല. എന്നിട്ടും അവര്‍ വിശ്വസിക്കുന്നതില്‍ വിശ്വസിക്കുന്നു;യുക്തിഹീനമായ കാര്യങ്ങളോട് മൃദുലസമീപനം നിലനിറുത്തുന്നു.

മതം ശരിയാണെന്ന് വാദിക്കുന്നതും മതം ശരിയാണെന്ന് പറയുന്നതില്‍ വിശ്വസിക്കണമെന്ന് വാദിക്കുന്നതും രണ്ടും രണ്ടാണ്. ബൗദ്ധികഭീരുത്വം കാരണം ഇതംഗീകരിക്കാന്‍പോലും പലരും മടിക്കുന്നു. അല്ലെങ്കില്‍ അവര്‍ മറ്റൊരു തന്ത്രമാവിഷ്‌കരിക്കുന്നു. സത്യവും തെളിവുമൊക്കെ മനുഷ്യവികാരത്തിന് മുന്നില്‍ ഒന്നുമല്ല. മനുഷ്യന് വൈകാരികമായി ആവശ്യമെന്നുതോന്നുന്ന കാര്യങ്ങള്‍ നിലനില്‍ക്കണം. അവിടെ സാധുതയും തെളിവുമൊന്നും പ്രശ്‌നമല്ല. മനുഷ്യന് ഉപയോഗമില്ലാത്ത സത്യം ആര്‍ക്ക് വേണം? മനുഷ്യന് ഇഷ്ടമാകുന്ന അസത്യങ്ങളാണ് നാം അംഗീകരിക്കേണ്ടത്!

മനുഷ്യവികാരങ്ങള്‍ തീര്‍ച്ചയായും നമുക്ക് നിസ്സാരവല്‍ക്കരിക്കാനാവില്ല. മനഷ്യന്‍ സ്വപ്നം കാണുന്ന ജീവിയാണ്(Man is a dreaming animal). അവന്റെ മോഹങ്ങളും അത്യാഗ്രഹങ്ങളും തൃഷ്ണയും ഒരിക്കലും ശമിക്കുന്നില്ല. എന്നാല്‍ സത്യവും പ്രധാനപ്പെട്ടത് തന്നെയല്ലേ? ലോകത്തെ സര്‍വ നിരീശ്വരവാദികളും മാനസികസമ്മര്‍ദ്ദവും ആശങ്കയുമായി ആത്മഹത്യയെ മുഖാമുഖം കണ്ടുകഴിയുകയാണെന്ന് കരുതിയാലും മതവിശ്വാസികളെല്ലാം സന്തുഷ്ടരാണെന്ന് തെളിയുന്നില്ല. നിരീശ്വരവാദികളെല്ലാം ആശങ്കാകുലരും അസന്തുഷ്ടരുമാണെന്ന വാദം കഴമ്പില്ലാത്ത മതപ്രചരണമാണെന്ന് മാത്രമല്ല വാസ്തവവിരുദ്ധവുമാണ്. നാസ്തികരില്‍ ചിലര്‍ വളരെ സന്തുഷ്ടരായി ആത്മവിശ്വാസത്തോടെ ജീവിക്കുന്നു, മറ്റുചിലര്‍ക്ക് സാധാരണയുളള പ്രശ്‌നങ്ങളുണ്ട്, മറ്റു ചിലരാകട്ടെ തികഞ്ഞ ഗതികേടിലുമാണ്. ഇതൊക്കെ തന്നെയാണ് മതവിശ്വാസികളുടേയും അവസ്ഥ.

സന്തുഷ്ടര്‍, ദു:ഖിതര്‍, രോഗികള്‍, ധനികര്‍, ദരിദ്രര്‍, വികലാംഗര്‍, അന്ധര്‍, ബധിരര്‍, പണ്ഡിതര്‍, ഉത്തമപൗരന്‍മാര്‍, മനുഷ്യസ്‌നേഹികള്‍, വഷളന്‍മാര്‍, ക്രിമിനലുകള്‍, അഴിമതിക്കാര്‍, ഭീകരര്‍.......തുടങ്ങി എല്ലാ വിഭാഗക്കാരും അവിടെയുണ്ട്. വിശ്വാസവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കാവുന്നതാണ്. എന്നാല്‍ അത്തരമൊരു കണക്ക് ഏതെങ്കിലുമൊരു വിഭാഗത്തിന് അനുകൂലമാകുമെന്ന് കരുതാനാവില്ല. എന്തായാലും അധമരിലും അസന്തുഷ്ടരിലും ആവലാതിക്കാരിലും ബഹുഭൂരിപക്ഷവും മതവിശ്വാസികളായിരിക്കും എന്നുറപ്പിക്കാം. മതവിശ്വാസികള്‍ അവിശ്വാസികളേക്കാള്‍ എണ്ണത്തില്‍ കൂടുതലാണ് എന്നതാണതിന്റെ കാരണം. സമാനമായ കാരണം കൊണ്ടുതന്നെ സന്തുഷ്ടരിലും ധനികരിലും എണ്ണത്തില്‍ കൂടുതല്‍ മതവിശ്വാസികളായിരിക്കും.
നാസ്തികര്‍ക്ക് വിഷാദവും മാനസികപ്രയാസങ്ങളും വിശ്വാസികളേക്കാള്‍ കൂടുതലായി ഉണ്ടോ? ഇനിയഥവാ ഉണ്ടെങ്കില്‍ അതിന് പ്രത്യേകിച്ചെന്തെങ്കിലും കാരണമുണ്ടോ? 'ഇല്ല'-എന്നുതന്നെയാണ് രണ്ട് ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം. ഒരു നാസ്തികനായി ജീവിക്കുന്നതുതന്നെയാണ് ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷവും ആത്മവിശ്വാസവും നല്‍കുന്നത്. നാസ്തികത ജീവിതത്തിന്റെ നിലയ്ക്കാത്ത ആഘോഷമാകുന്നു. നാസ്തികര്‍ ബുദ്ധിശക്തിയില്‍ മാത്രമല്ല ആത്മവിശ്വാസത്തിന്റെയും മാനസികമായ കരുത്തിന്റെ കാര്യത്തിലും ഒരു പടി മുന്നിലാണെന്ന് തന്നെയാണ് ഇക്കാര്യത്തിലുള്ള മിക്ക പഠനങ്ങളും സൂചിപ്പിക്കുന്നത്.

ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടുപ്രകാരം'സമാശ്വാസം' എന്നവാക്കിന് ദു:ഖത്തിന്റെയും മാനസികസമ്മര്‍ദ്ദത്തിന്റേയും ലഘൂകരണം എന്നര്‍ത്ഥം. രണ്ടു രീതിയിലുള്ള സമാശ്വാസമാണ് പൊതുവെയുള്ളത്. (ഒന്ന്) നേരിട്ടുളള സമാശ്വാസം:ആള്‍പാര്‍പ്പില്ലാത്ത ഒരു പര്‍വ്വതപ്രദേശത്ത് തുണയ്ക്കാരുമില്ലാത്ത ഒരാള്‍ക്ക് കഴുത്തില്‍ ബ്രാന്‍ഡികുപ്പിയും തൂക്കിയിട്ട വലിയ സെന്റ്ബര്‍നാര്‍ഡ് നായ കൂട്ടായെത്തുമ്പോള്‍ വലിയ ആശ്വാസമാണുണ്ടാകുന്നത്. പൊട്ടിക്കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു കുട്ടിയെ ഗാഢമായി ആലിംഗനം ചെയ്ത് ചില ആശ്വാസവാക്കുകള്‍ പറയുന്നത് കുട്ടിക്ക് വലിയആശ്വാസം നല്‍കുന്നു. (രണ്ട്) പരോക്ഷമായ ആശ്വാസം:ഇതുവരെ അറിയാതിരിക്കുന്ന ഒരുകാര്യം അറിഞ്ഞതുമൂലം ഉണ്ടാകുന്ന സമാശ്വാസം. അല്ലെങ്കില്‍ ഇതുവരെ ശ്രമിച്ചുനോക്കാതിരുന്ന ഒരു രീതിയിലൂടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന സമാശ്വാസം. സ്‌നേഹസമ്പന്നനായിരുന്ന ഭര്‍ത്താവ് യുദ്ധത്തില്‍ നഷ്ടപ്പെട്ട് കടുത്ത ശോകത്തില്‍ കഴിയുന്ന ഒരു വിധവ ഭര്‍ത്താവിന്റെ കുട്ടിയെ താന്‍ ഗര്‍ഭം ധരിച്ചിട്ടുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ ആശ്വസിക്കുന്നു. ഭര്‍ത്താവ് ധീരമായി പോരാടിയാണ് മരിച്ചതെന്നറിഞ്ഞാലും അവള്‍ ആശ്വാസം കൊള്ളും. തത്വചിന്തകര്‍ മരണത്തെ താത്വികമായി വിശകലനം ചെയ്ത് കേള്‍ക്കുമ്പോള്‍ മരണം തീര്‍ത്തും ദു:സ്സഹമാണെന്ന ചിന്തയില്‍ മാറ്റമുണ്ടാകും.

മനുഷ്യജീവിതത്തില്‍ ഏഴ് ഘട്ടങ്ങളുണ്ടെന്ന് ഷേക്‌സിപിയര്‍ എഴുതിയിട്ടുണ്ട്. ഓരോഘട്ടവും തൊട്ടുമുമ്പേയുള്ള ഘട്ടത്തിന്റെ മരണത്തില്‍നിന്നുമാണ് തുടങ്ങുന്നതെന്ന് ബോധ്യപ്പെട്ടാല്‍ മരണം എന്ന ആത്യന്തികസത്യം തിരിച്ചറിയാന്‍ നമുക്കാവും. ജീവിതം തന്നെ സാവധാനത്തിലുളള മരണമായി പരിഗണിക്കാം. ഓരോ ദിവസം കഴിയുമ്പോഴും നാം അനിവാര്യമായ മരണത്തിലേക്ക് കുതിക്കുകയാണ്. ഇന്നലെയുള്ള ദൂരം ഇന്നില്ലെന്ന ബോധം മരണം അപ്രതീക്ഷിതമോ അസഹനീയമോ ആണെന്ന ധാരണ ഉപേക്ഷിക്കാന്‍ നമ്മെ പ്രേരിപ്പിക്കും.
Mark Twain
''ഞാന്‍ മരണത്തെ ഭയക്കുന്നില്ല. എന്തെന്നാല്‍ ഞാന്‍ ജനിക്കുന്നതിന് കോടിക്കണക്കിന് വര്‍ഷംമുമ്പേ ഞാന്‍ മരിച്ച അവസ്ഥയിലായിരുന്നു. അന്നൊന്നും എനിക്ക് അസൗകര്യത്തിന്റെ നേരിയ ലാഞ്ചനപോലും തോന്നിയിട്ടില്ല''(''I do not fear death. I had been dead for billions and billions of years before I as born, and had not suffered the slightest inconvenience from it'')-എന്ന മാര്‍ക്ക് ട്വയിന്റെ വിശ്വപ്രസിദ്ധ വാചകങ്ങള്‍ ഓര്‍ക്കുക. ഇത് നേരാംവണ്ണം മനസ്സിലാക്കുന്ന ഒരാള്‍ക്ക് മരണത്തെ കുറേക്കൂടി ലാഘവത്വത്തോടെ സമീപിക്കാന്‍ കഴിഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ല. അമേരിക്കന്‍ ഭരണഘടനയുടെ ശില്‍പ്പി എന്നറിയപ്പെടുന്ന തോമസ് ജഫേഴ്‌സണ്‍ കരളുറപ്പോടെ മരണത്തെ നേരിട്ട മനുഷ്യനാണ്. അദ്ദേഹത്തിന് മരണാനന്തരജീവിതത്തെക്കുറിച്ച് യാതൊരു വിശ്വാസവുമില്ലായിരുന്നു. മരണം അടുക്കുന്തോറും പ്രതീക്ഷയോ ഭയമോ വെച്ചുപുലര്‍ത്തിയിരുന്നില്ലെന്ന് അദ്ദേഹം മിത്രങ്ങള്‍ക്കെഴുതിയ കത്തുകള്‍ സാക്ഷ്യപ്പെടുത്തുന്നതായി ജീവചരിത്രകാരനായ ക്രിസ്‌ററഫര്‍ ഹിച്ചന്‍സ് വെളിപ്പെടുത്തുന്നു. 
Bertrand Russell
അസഹനീയമായ ഭീതിയും ആശങ്കയും വേദനയുമൊക്കെയായി മരണത്തെ വരവേല്‍ക്കുമ്പോഴും തനിക്ക് പ്രതീക്ഷയും മരണാനന്തരജീവതത്തില്‍ പ്രത്യാശയുമുണ്ടെന്ന് പറഞ്ഞുകൊണ്ടിരിക്കാന്‍ വിധിക്കപ്പെട്ടവനാണ് ശരാശരി വിശ്വാസി. തികഞ്ഞ അവിശ്വാസിയായിരുന്ന ബര്‍ട്രാന്‍ഡ് റസ്സല്‍ മരണത്തെപ്പറ്റി എഴുതി:''ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ ജീര്‍ണ്ണിക്കും, എന്റെ വ്യക്തിത്വത്തിന്റേതായ യാതൊന്നും അതിജീവിക്കില്ല. ഞാന്‍ ചെറുപ്പമല്ല. എന്നാലും ഇപ്പോഴും ഞാന്‍ ജീവിതത്തെ സ്‌നേഹിക്കുന്നു. എന്നാല്‍ നാശത്തെക്കുറിച്ചുള്ള ചിന്തകള്‍മൂലം വിറയ്ക്കുന്നതിനോട് ഞാന്‍ പുച്ഛത്തോടെ വിയോജിക്കുന്നു. ഒരിക്കല്‍ അവസാനിക്കുമെന്നതിനാല്‍ ആനന്ദം ആനന്ദമല്ലാതെയാകുന്നില്ല. എന്നെന്നും നിലനില്‍ക്കുന്നില്ലെന്ന് കരുതി സ്‌നേഹത്തിന് അതിന്റെ മൂല്യം നഷ്ടപ്പെടുന്നുമില്ല. തൂക്കുമരത്തിന് മുന്നിലും അസാമാന്യധീരത കാണിച്ചിട്ടുള്ള നിരവധി വീരന്‍മാര്‍ മനുഷ്യചരിത്രത്തിലുണ്ട്. ആ സംഭവങ്ങളൊക്കെ ലോകത്ത് മനുഷ്യന്റെ സ്ഥാനം എന്താണെന്ന് നമ്മെ പഠിപ്പിക്കുന്നുണ്ട്.....''

ശാസ്ത്രവുമായി തട്ടിച്ച് നോക്കുമ്പോള്‍ മതം എങ്ങനെയാണ് ഈ രണ്ടുരീതിയിലുള്ള (പ്രത്യക്ഷവും പരോക്ഷവും)സമാശ്വാസം നല്‍കുന്നത്? ആദ്യത്തെ സമാശ്വസിപ്പിക്കല്‍ ദൈവം എന്ന ശക്തി(സാങ്കല്‍പ്പികവും അയഥാര്‍ത്ഥവുമായിക്കൊള്ളട്ടെ)സുഹൃത്തിനെപ്പോലെ തോളില്‍ കയ്യിട്ടു കൊണ്ട് സമാശ്വസിപ്പിക്കുന്നുവെന്ന തോന്നലാണ്. സെന്റ്ബര്‍നാര്‍ഡ് നായയെപ്പോലെയോ അല്ലെങ്കില്‍ അതിന്റെ കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്ന ബ്രാന്‍ഡിക്കുപ്പി പോലെയോ അത് വിശ്വാസിക്ക് ആശ്വാസം കൊണ്ടുവരും. പക്ഷെ ശാസ്ത്രീയ ഔഷധങ്ങള്‍ക്ക് ഇതേ സമാശ്വാസം ഇതിലും മെച്ചപ്പെട്ട രീതിയില്‍ നല്‍കാനാവും. രണ്ടാമത്തെ സമാശ്വാസത്തിന്റെ കാര്യം പരിഗണിച്ചാല്‍ മതം വളരെ ശക്തമായ പ്രഭാവം ചെലുത്തുന്നുവെന്നാണ് ആദ്യം തോന്നുക. ഭൂകമ്പവും സുനാമിയും പോലുള്ള കൊടിയ നാശങ്ങള്‍ക്കും അത്യാഹിതങ്ങള്‍ക്കും ഇരയാകുമ്പോള്‍ എല്ലാം 'ദൈവപദ്ധതിയാണ്' എന്ന ചിന്തയില്‍ കുറച്ചെങ്കിലും ആശ്വാസം കിട്ടുന്നതായി ചില മതവിശ്വാസികള്‍ അവകാശപ്പെടാറുണ്ട്. അവരെ സംബന്ധിച്ചിടത്തോളം നിസ്സഹായതയ്ക്ക് ഒരു ന്യായീകരണമായി.

വ്യക്തിജീവിതത്തില്‍ ദു:ഖവും ദുരന്തവും കനക്കുമ്പോള്‍ സ്വയം ആശ്വസിക്കാനും മറ്റുള്ളവരെ ആശ്വസിപ്പിക്കാനുമായി ഇത്തരം വാചകങ്ങള്‍ ആവര്‍ത്തിച്ചുരുവിടാനാണ് മതവിശ്വാസികള്‍ക്ക് പരിശീലനം ലഭിക്കുന്നത്. ദൈവം ഒരിക്കല്‍ പ്രത്യക്ഷപ്പെടുമെന്നോ തിരിച്ചുവരുമെന്നോ അവര്‍ വിശ്വസിക്കുന്നു. അന്ന് പ്രശ്‌നങ്ങളെല്ലാം തീരുമെന്ന് വിഭാവനം ചെയ്യുന്നത് അവര്‍ക്ക് മാനസികമായ കരുത്തും ആത്മവിശ്വാസവും നല്‍കും.'എല്ലാം ദൈവത്തിന്റെ തീരുമാനം', 'അവന്റെ ഇഷ്ടം', 'അവന്റെ ലീല', 'ദൈവേച്ഛ', 'ദൈവവിധി' തുടങ്ങിയ സ്വഭാവത്തിലുള്ള വാചകങ്ങള്‍ പ്രതിസന്ധിഘട്ടങ്ങളില്‍ ആവര്‍ത്തിച്ചുരുവിട്ടാല്‍ ആശ്വാസം കിട്ടുമെന്ന് അവര്‍ വിചാരിക്കുന്നു. വരട്ടുചൊറി മുതല്‍ കൊടിയദുരന്തങ്ങളില്‍വരെ സമാനമായ നിലപാടാണ് മതവിശ്വാസികള്‍ സ്വീകരിക്കുക.
ജീവിതം ഒരിക്കല്‍ അവസാനിക്കുമെന്ന ചിന്ത ജീവതം ആസ്വദിക്കുന്നതിന് തടസ്സമാണോ? ഒരിക്കലുമല്ല. ആഹാരം തീരുമെന്ന ബോധമുള്ളതു കൊണ്ടുമാത്രം ആരും ആഹാരമുപേക്ഷിക്കാറില്ല, രുചി കുറഞ്ഞെന്ന് വിലപിക്കാറുമില്ല. അവസാനമുള്ളവയും ആസ്വദിക്കാന്‍ ശീലിക്കണം. 'അവസാനമില്ലാത്ത സുഖം' എന്നത് മതവികലതയില്‍ നിന്നുത്ഭവിക്കുന്ന അത്യാഗ്രഹമാകുന്നു.

മരണം ആസന്നമാകുന്ന ഘട്ടത്തില്‍ താന്‍ മരണത്തിനുശേഷം അനശ്വരനായിരിക്കുമെന്നും ദൈവത്തിനോപ്പം സ്വര്‍ഗ്ഗത്ത് വസിക്കുമെന്നൊക്കെ സങ്കല്‍പ്പിക്കുന്നത് വിശ്വാസിയുടെ വ്യഥ കുറയ്‌ക്കേണ്ടതാണ്. അതേസമയം നരകത്തിലേക്ക് പോകുകയാണെന്ന തോന്നല്‍ ഭീതിയുളവാക്കുകയും ചെയ്യും. വ്യാജവിശ്വാസങ്ങള്‍ ഇച്ഛാഭംഗം സംഭവിക്കുന്ന നിമിഷം വരെ ശരിയായ വിശ്വാസങ്ങളുടെ ഗുണം ചെയ്യും. കപടവിശ്വാസവും ശരിയായ വിശ്വാസവും തമ്മില്‍ അവസാനഘട്ടത്തില്‍ മാത്രമേ തിരിച്ചറിയാനാവുകയുള്ളു. മതവിശ്വാസത്തിന്റെ കാര്യത്തില്‍ മാത്രമല്ല മതാതീതമായ കാര്യങ്ങളിലും ഇത് സാധുവാണ്. തകരുന്നതുവരെ ഒറിജിനലും ഡ്യൂപ്‌ളിക്കേറ്റും ഒരുപോലെ പ്രവര്‍ത്തിക്കുന്നു.
വിശ്വസിക്കുക എന്നാല്‍ ചിന്തിക്കാന്‍ വിസമ്മതിക്കുക എന്ന അര്‍ത്ഥം കൂടിയുണ്ട്. വിശ്വാസം വ്യാജമായാലും ശരിയായാലും പ്രവര്‍ത്തനഫലം ഒന്നുതന്നെയാണ്. വ്യാജവിശ്വാസവുമായി ജീവിച്ച് മരിക്കാന്‍ ആര്‍ക്കും സാധിക്കും. ദൈവം യഥാര്‍ത്ഥമായതുകൊണ്ടോ വ്യാജമായതുകൊണ്ടോ പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല. വ്യാജകറന്‍സിയും അംഗീകൃതകറന്‍സിയും പോലെയാണവ. രണ്ടും അന്ത്യനിമിഷം വരെ സമാനമായ ധര്‍മ്മം നിര്‍വ്വഹിക്കുന്നു. എന്നാല്‍ ഫലം തരേണ്ട സമയത്ത് വ്യാജനോട്ട് നമ്മെ നിര്‍ദയമായി കബളിപ്പിക്കും. കയ്യിലിരിക്കുന്നത് കള്ളനോട്ടാണെന്ന് നാമറിയുന്നില്ല,അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുന്നില്ല. കള്ളനോട്ടിന് തുല്യമായ തുക പക്കലുണ്ടെന്ന ആത്മവിശ്വാസമാണ് അവസാന നിമിഷംവരെ മതവിശ്വാസിയെ നയിക്കുന്നത്.

മരണം ഉറപ്പായിക്കഴിഞ്ഞ ഒരു അര്‍ബുദ രോഗിയോട് 'നിങ്ങള്‍ തീര്‍ച്ചയായും രക്ഷപ്പെടും' എന്ന് ഡോക്ടര്‍ കളവ് പറഞ്ഞാല്‍ അതയാള്‍ക്ക് ആശ്വാസം പകരുമെന്നതില്‍ സംശയമില്ല. രക്ഷപ്പെടുമെന്നുറപ്പുള്ള മറ്റൊരു രോഗിയോട് ഡോക്ടര്‍ ഇതേ ആശ്വാസവാക്കുകള്‍ പറഞ്ഞാലുണ്ടാകുന്ന പ്രഭാവമാണ് മരണം ഉറപ്പായ രോഗിയിലും ഉണ്ടാകുക. മരണാനന്തരജീവിതത്തിലും സ്വര്‍ഗ്ഗത്തിലും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നതുമൂലം ഉണ്ടാകാനിടയുള്ള മോഹഭംഗം ഡോക്ടറുടെ നുണപോലെ ഒരിക്കലും വെളിപ്പെടുകയില്ല. ഡോക്ടറുടെ നുണയാകട്ടെ രോഗം മൂര്‍ച്ഛിക്കുകയും മരണലക്ഷ്യങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോള്‍ രോഗിക്ക് ബോദ്ധ്യപ്പെടും. എന്നാല്‍ മരണാനന്തരജീവിതവും സ്വര്‍ഗ്ഗവുമൊക്കെ യാഥാര്‍ത്ഥ്യമാണോ എന്നറിയാന്‍ മരണംവരെ യാതൊരു ഉപായവുമില്ല. മരണം കഴിഞ്ഞ് തീരെയുമില്ല! മതസങ്കല്‍പ്പങ്ങള്‍ തെളിയാക്കാനാവില്ലെന്നതാണ്(Unprovabe) മതത്തിന്റെ കരുത്ത്. മരണശേഷമുള്ള കാര്യങ്ങളെ കുറിച്ച് പറയുന്നത് തെറ്റാണെന്ന് തെളിയിക്കാന്‍ വിശ്വസിക്കുന്നവര്‍ക്കോ വിശ്വസിപ്പിക്കുന്നവര്‍ക്കോ സാധ്യമല്ല. അവിശ്വസിക്കുന്നവരുടെ കാര്യം പറയാനുമില്ല. ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഇക്കാര്യത്തില്‍ നിസ്സഹായരാണ്. അറിയാനാവാത്തതും ഇല്ലാത്തതുമായ കാര്യങ്ങളെപ്പറ്റി ഉന്നയിക്കുന്ന അവകാശവാദം എന്നെന്നും ഭദ്രമായിരിക്കും.

അമേരിക്കയിലെ 95% മതവിശ്വാസികളും മരണശേഷം തങ്ങള്‍ക്ക് മെച്ചപ്പെട്ട മറ്റൊരു ജീവിതമുണ്ടെന്ന് അഭിപ്രായപ്പെട്ടുവന്ന് സൂചിപ്പിക്കുന്ന ഒരു ഗാലപ്പ് പോള്‍ ഈയ്യിടെ പുറത്തുവന്നിരുന്നു. ഫലം എന്തുമാകട്ടെ, മരണാന്തരജീവിതത്തില്‍ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെട്ടവരില്‍ എത്ര ശതമാനം അതില്‍ ആത്മാര്‍ത്ഥമായും വിശ്വസിക്കുന്നുണ്ട്? യാഥാര്‍ത്ഥ്യം പലപ്പോഴും രസകരമാണ്. ഈ 95% പേരും ആത്മാര്‍ത്ഥമായി അങ്ങനെ വിശ്വസിക്കുന്നുവെങ്കില്‍ അവരെല്ലാം ആമ്പിള്‍ഫോര്‍ത്തിലെ ആബട്ടിനെപ്പോലെ (Abbot of Ampleforth) പെരുമാറേണ്ടതല്ലേ? ആരാണീ ആബട്ട്? മരണാനന്തരജീവതത്തില്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും അതനുസരിച്ച് സത്യസന്ധമായി ജീവിക്കുകയും ചെയ്യുന്ന ക്രിസ്ത്യാനിയാണ് ബ്രിട്ടണിലെ ആമ്പിള്‍ഫോര്‍ത്തിലെ ഈ പുരോഹിതന്‍. ഒരിക്കല്‍ കാര്‍ഡിനല്‍ ബേസില്‍ഹ്യൂം(Cardinal Basil Hume)താന്‍ മരിക്കാന്‍ പോകുകയാണെന്ന് ഈ ആബട്ടിനോട് പറഞ്ഞുവത്രെ. അപ്പോള്‍ പുള്ളിയുടെ പ്രതികരണം തീര്‍ത്തും സത്യസന്ധമായിരുന്നു:''അഭിനന്ദനങ്ങള്‍! ഒരു ഉജ്ജലമായ വാര്‍ത്തയാണത്. താങ്കള്‍ക്കൊപ്പം വരാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ഞാനാശിക്കുന്നു.''('Congratulations! That is brilliant news. I wish I was coming with you').
ആമ്പിള്‍ഫോര്‍ത്തിലെ ആബട്ട് സത്യസന്ധനായ വിശ്വാസിയാണ്. ആബട്ടിന്റെ വാചകങ്ങള്‍ മരണാനന്തരജീവിതത്തില്‍ വിശ്വസിക്കുന്ന മേല്‍സൂചിപ്പിച്ച 95% പോലും കാര്യമായിട്ടെടുക്കില്ല. അവര്‍ക്കും ഈ വാചകങ്ങള്‍ ഒരു തമാശ മാത്രമാണ്. പക്ഷെ എന്തുകൊണ്ട്? ആരുടെ വിശ്വാസമാണ് പരിഹാസ്യം? ആരാണ് കാപട്യം കാണിക്കുന്നത്? എന്തായാലും ആബട്ടല്ല, ആത്മാര്‍ത്ഥമായും വിശ്വസിക്കുന്ന കാര്യമാണ് അദ്ദേഹം സത്യസന്ധമായി പറഞ്ഞത്.

എന്തുകൊണ്ട് ലോകത്തുള്ള ക്രിസ്ത്യാനികളും മുസ്‌ളീങ്ങളും ജൂതന്‍മാരും ഹിന്ദുക്കളുമൊക്കെ ഇങ്ങനെ പറയുന്നില്ല? മാതാപിതാക്കളും അടുത്ത മിത്രങ്ങളും മരിക്കാന്‍നേരത്ത് എന്തുകൊണ്ട് ആനന്ദിക്കുന്നില്ല? മരിക്കാന്‍ പോകുന്നവരുടെ സൗഭാഗ്യങ്ങളോര്‍ത്ത് ഉള്ളാലെ സന്തോഷിക്കുന്നില്ല? കറതീര്‍ന്ന വിശ്വാസിയായ ഒരാള്‍ നാളുകള്‍ എണ്ണപ്പെട്ട് കഴിഞ്ഞെന്ന് ഡോക്ടര്‍ ഉറപ്പ് പറയുമ്പോള്‍ തന്റെ സൗഭാഗ്യത്തെക്കുറിച്ചോര്‍ത്ത് എന്തുകൊണ്ട് ആഹ്‌ളാദിക്കുന്നില്ല? ഭൂമിയിലെ ജീവിതത്തേക്കാള്‍ എത്രയോ മഹത്തരവും ഉദാത്തവുമാണ് പ്രഭുവിനോടൊത്തുള്ള നിത്യജീവിതം! ഈ ഒരു നിമിഷത്തിനുവേണ്ടിയാണല്ലോ അയാള്‍ ജീവിതം മുഴുവന്‍ ആരാധന നടത്തിയത്. സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് സൗജന്യവിനോദയാത്രയ്ക്ക് പോകാന്‍ അവസരം ലഭിച്ച ആഹ്ലാദത്തോടെ അയാള്‍ മരണം സ്വീകരിക്കേണ്ടതല്ലേ? ജീവിതം മുഴുവന്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് പരലോകജീവിതത്തിനായി കാത്തിരുന്നിട്ട് അവസാനം അവിടെപോകാന്‍ അവസരം ലഭിക്കുമ്പോള്‍ വാര്‍ദ്ധക്യംപോലും മറന്ന് അലമുറയിടുന്നത് തികഞ്ഞ കാപട്യമല്ലേ? മരിക്കാന്‍ പോകുന്നവരോട് തങ്ങളുടെ ഉറ്റബന്ധുക്കള്‍ക്കുള്ള സന്ദേശം കൊടുത്തയക്കാന്‍ മതവിശ്വാസികള്‍ തയ്യാറാവാത്തതെന്ത്?

ഭാരതീയരെ സംബന്ധിച്ചിടത്തോളം ഈ ചോദ്യങ്ങള്‍ പഴഞ്ചനാണ്. ചാര്‍വാകന്‍മാര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുറേക്കൂടി കമനീയമായിത് ചോദിച്ചിട്ടുണ്ട്. ബലി കൊടുക്കപ്പെടുന്ന സാധുമൃഗങ്ങള്‍ നേരെ സ്വര്‍ഗ്ഗത്ത് പോകുമെങ്കില്‍ എന്തുകൊണ്ട് സ്വന്തം മാതാപിതാക്കളുടെ കഴുത്തറുത്ത് അവരെ ബലി നടത്തുന്നില്ല?-എന്ന ചോദ്യവുമായാണ് അവര്‍ ബ്രാഹ്മണമേധാവിത്വത്തെ വെല്ലുവിളിച്ചത്. മരണവേളയില്‍ വിശ്വാസികള്‍ അവര്‍ പ്രചരിപ്പിക്കുന്ന വിശ്വാസമനുസരിച്ച് പ്രവര്‍ത്തിക്കാത്തതെന്ത്? ഒന്നുകില്‍ അവര്‍ വിശ്വസിക്കുന്നുവെന്ന് പറയുന്നതില്‍ അവര്‍ക്ക് വിശ്വാസമില്ല. മതവിശ്വാസി സമൂഹത്തെപ്പേടിച്ച് ജീവിതാവസാനം വരെ വിശ്വാസം അഭിനയിച്ചുകൊണ്ടിരിക്കുന്നു. അല്ലെങ്കില്‍ മരണത്തെ അവര്‍ക്ക് ഭയമാണ്. മതദൈവത്തില്‍ വിശ്വസിച്ചാല്‍ മരണത്തെ പേടിയില്ലാതെ നേരിടാം എന്നതാണ് മതം മുന്നോട്ട് വെക്കുന്ന ഏറ്റവും വലിയ വാഗ്ദാനം. രണ്ടും കൂട്ടിവായിക്കുമ്പോള്‍ ചില പന്തികേടുകളുണ്ട്.

വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കള്‍ക്ക് ഒരു തുള്ളി ഔഷധമോ ഒരു കീറ് തുണിയോ ഒരുപിടി ആഹാരമോ കൊടുക്കാതെ മരണശേഷം ക്വാളിസും പജോറയും ഒരുക്കുന്ന സുഖശീതളിമയില്‍ യാത്രചെയ്ത് അവരുടെ പേരില്‍ ബലിയിട്ട് '
ത്യാഗി'കളും
 മാന്യമാരുമായി ഞെളിയുന്ന അധമരുടെ ആശാകേന്ദ്രമായി മതം നിലനില്‍ക്കുന്നിടത്തോളം അത് ജനകീയമായിരിക്കുമെന്ന് കാണാന്‍ വിഷമമില്ല. ജീവിച്ചിരിക്കുന്നവര്‍ക്കാണ് കരുണയും ദയയും വേണ്ടത്. അവര്‍ക്കാണ് ആഹാരവും വസ്ത്രവും വേണ്ടത്. അത് നിഷേധിച്ചിട്ട് മരണശേഷം അവര്‍ക്ക് വേണ്ടി ശ്രാദ്ധം ചെയ്യുന്ന അധമരെ നോക്കി ''മൃതനാമപി ജന്തൂനാം ശ്രാദ്ധം ചേത് തൃപ്തികാരണം, ഗച്ഛിതാമഹ ജന്തുനാം വ്യര്‍ത്ഥം പാഥേയ കല്‍പ്പനം'' എന്ന് പച്ചയായി പറഞ്ഞവരാണ് ചാര്‍വകന്‍മാര്‍. സമ്മാനം കൊതിച്ചും ശിക്ഷ ഭയന്നും മതം മനുഷ്യനില്‍ കുത്തിവെക്കുന്ന വ്യാജധാര്‍മ്മികത അവനെ കൂടുതല്‍ കച്ചവടക്കണ്ണുള്ളവനും അധമനുമായി തരം താഴ്ത്തുകയാണ് ചെയ്യുന്നത്.

മതപരമായ അനുഷ്ഠാനത്തിലൂടെ ആരെങ്കിലും മെച്ചപ്പെട്ട മാനസികനില കൈവരിക്കാറുണ്ടോ? ആഘാതങ്ങള്‍ (shocks)നേരിടാന്‍ വിശ്വാസം നല്ലതാണെന്ന മതപ്രചരണം നോക്കാം. വെറുതെ മസ്തിഷ്‌ക്കത്തെ വിശ്വാസിപ്പിക്കാന്‍ ശ്രമിച്ചാല്‍ വിജയിക്കില്ല. ഇനി സാധിച്ചാലും അതുകൊണ്ട് പ്രയോജനമില്ല. അസ്ഥികള്‍ മരവിക്കുന്ന തണുപ്പുള്ളിടത്ത് ചെന്ന് നിന്നിട്ട് 'ഓ ഇവിടം എത്ര ഊഷ്മളമാണ്! 'എന്നു സ്വയം പറഞ്ഞതുകൊണ്ട് തണുപ്പ് മാറില്ല. സിംഹത്തിന്റെ മുന്നില്‍ അകപ്പെടുമ്പോള്‍ 'ഇതൊരു സിംഹമല്ല, വെറും മുയലാണ്' എന്ന് ചിന്തിച്ചതുകൊണ്ട് അപകടം ഒഴിയുകയുമില്ല. യാഥാര്‍ത്ഥ്യം കിനാവ് കണ്ടകറ്റാകാനാകില്ല. ശൈത്യം ശൈത്യം തന്നെയാണ്, സിംഹം സിംഹവും. അവയൊക്കെ അങ്ങനെയല്ല എന്ന് സങ്കല്‍പ്പിക്കുന്നതുകൊണ്ട് വിശ്വാസിക്ക് വലിയ പ്രയോജനമുണ്ടാവില്ല. ആഘാതങ്ങള്‍ നേരിടാന്‍ നല്ലത് യാഥാര്‍ത്ഥ്യബോധം തന്നെയാണ്. ആഗ്രഹങ്ങളും മോഹവും കെട്ടഴിച്ചുവിടുന്നതു കൊണ്ട് യാഥാര്‍ത്ഥ്യത്തെ ആട്ടിപ്പായിക്കാനാവില്ല.

സമ്മര്‍ദ്ദവ്യവസായം
ധ്യാനവും പ്രാര്‍ത്ഥനയും ആത്മനിയന്ത്രണത്തിനും സമ്മര്‍ദ്ദലഘൂകരണത്തിനും സഹായകരമാണെന്നുള്ള പ്രചരണം കോടികള്‍ വിറ്റുവരവുള്ള 'സമ്മര്‍ദ്ദവ്യവസായ'(Stress Industry)ത്തിന്റെ ജീവനാഡിയാണ്. ജീവിതസമ്മര്‍ദ്ദം(Stress) എല്ലാവര്‍ക്കുമുണ്ട്;ഉണ്ടാവുകയും വേണം. ജൈവികമായ ഒരനിവാര്യതയാണത്. സമ്മര്‍ദ്ദം അധികരിക്കുമ്പോള്‍ ജീവിക്ക് സ്വയം പരിഹരിക്കാന്‍ കഴിയേണ്ടതാണ്;ജീവിക്ക് മാത്രമേ അത് സാധിക്കൂ. മനസ്സമാധാനം ബാഹ്യമായി ഒട്ടിച്ചുവെക്കാവുന്ന ഒന്നല്ല. അത് ആന്തരികമായി നിര്‍മ്മിക്കപ്പെടേണ്ടതുണ്ട്. കൃത്രിമ മന:ശ്ശാന്തിക്ക് ആയുസ്സധികമില്ല. താന്‍ ദിവസവും ധ്യാനത്തിലൂടെ(Meditation)ആത്മനിയന്ത്രണം നേടുന്നുവെന്ന് ഒരാള്‍ പറഞ്ഞാല്‍ അയാള്‍ക്ക് സാരമായ പ്രശ്‌നമുണ്ട് എന്നാണര്‍ത്ഥം. സമ്മര്‍ദ്ദലഘൂകരണത്തിനുള്ള ശേഷി ഓരോ വ്യക്തിക്കുമുണ്ട്. യാഥാര്‍ത്ഥ്യത്തെ യാഥാര്‍ത്ഥ്യമായി അംഗീകരിക്കലാണ് മാനസികസമ്മര്‍ദ്ദം കൈകാര്യം ചെയ്യാനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗം. അതായത് സാമാന്യബുദ്ധിയും യാഥാര്‍ത്ഥ്യബോധവുമുള്ള ഒരാള്‍ക്ക് ജീവിതം ഒരാഘോഷമായിരിക്കും.

സമ്മര്‍ദ്ദം ഭജന പാടി ഇല്ലാതാക്കാനാവില്ല, ഇല്ലാതാക്കേണ്ടതുമില്ല. ശരിയായതോതിലുള്ള സമ്മര്‍ദ്ദം(Ideal stress)ജീവിതവിജയത്തിന് അനിവാര്യമാണ്. വീണയിലെ തന്ത്രികള്‍ പോലെയാണത്. വല്ലാതെ അയഞ്ഞുകിടന്നാലും അധികം മുറുകിയാലും ശ്രുതി പാളും. ജീവിതസമ്മര്‍ദ്ദം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇല്ലാതാകുന്നത് ജീവിതം തന്നെയാണ്. നായയുടെ വാല് മുറിച്ച് അതിന്റെ സൗന്ദര്യം കൂട്ടാന്‍ ശ്രമിക്കുന്നത് ക്രൂരതയാകുന്നു. ദിശയും ഗതിയും തിരച്ചറിയാനും ശരീരത്തിന്റെ തുലനാവസ്ഥ നിലനിറുത്തുവാനും വാല്‍ പ്രയോജനപ്പെടുന്നുണ്ട്. സമ്മര്‍ദ്ദം (Stress)കര്‍മ്മശേഷിയെ ഉത്തേജിപ്പിക്കുകയും ജാഗ്രത യുടെ മൂര്‍ച്ച കൂട്ടുകയും ചെയ്യും. ഒരപകടം സൃഷ്ടിക്കുന്ന ഭീതിയിലും സമ്മര്‍ദ്ദത്തിലും അതിവേഗത്തില്‍ കുതിച്ചോടുന്ന ഒരാള്‍ക്ക് സാധാരണഗതിയില്‍ ആ വേഗം കൈവരിക്കാനാവില്ല. വായിച്ചുനോക്കാന്‍ പോലും താല്പര്യപ്പെടാത്ത പാഠഭാഗങ്ങള്‍ 'പരീക്ഷാച്ചൂടില്‍'പഠിച്ചെടുക്കാനാവും. ശരിയായ സമ്മര്‍ദ്ദം ജീവിയുടെ അതിജീവനമന്ത്രമാണ്.

ഇത് കേവലം മാനസികമായ അവസ്ഥ മാത്രമല്ല. ശാരീരികമായി നിരവധി എന്‍സൈമുകളും രസങ്ങളും സമ്മര്‍ദ്ദസമയത്ത് നിര്‍മ്മിക്കപ്പെടുന്നുണ്ട്. പേശീപരമായ ദൃഢീകരണവും സംഭവിക്കുന്നു. പോരാടാനും പിന്തിരിയാനുമുള്ള(Fight or Flee) ശാരീരികസന്നദ്ധത സൃഷ്ടിക്കുന്നതിലും അതിന് നിര്‍ണ്ണായക പങ്കുണ്ട്. എല്ലാ ചികിത്സയും ശരീരമാണ് നടത്തുന്നത്. ഔഷധം ഉല്‍പ്രേരകം മാത്രം. സ്വയം ചികിത്സിക്കാനുള്ള മാനസികവും ശാരീരികവുമായ കഴിവ് മനുഷ്യനുണ്ട്. മതത്തിനെന്നല്ല ആര്‍ക്കുമത് മുതലെടുക്കാം. അസന്ദിഗ്ധതയും പ്രവചനാതീതതയുമാണ് ജീവിതത്തെ അനുനിമിഷം ആവേശകരമാക്കുന്നത്. അവ നഷ്ടപ്പെടുമ്പോള്‍ ജീവിതം വിരസവും വിലക്ഷണവുമാകും. മതവിശ്വാസം, ആള്‍ദൈവവിശ്വാസം എന്നിവ സമ്മര്‍ദ്ദം താങ്ങാനാവാത്തരീതിയില്‍ വ്യക്തിയെ ദുര്‍ബലപ്പെടുത്താം.

മതഭക്തി തീവ്രമാകുമ്പോള്‍ അസഹിഷ്ണുത പൂത്തുലയും. അതിവൈകാരികതയും അമിതഭക്തിയും ഇരട്ടക്കുട്ടികളാണ്. രക്തസമ്മര്‍ദ്ദം കൂട്ടുന്നതില്‍ ഉപ്പെന്നപോലെയാണ് മാനസികസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതില്‍ അതിവൈകാരികതയ്ക്കുള്ള പങ്ക്. സ്വന്തം കഴിവില്‍ വിശ്വാസമില്ലാതെ താന്‍ വിധിയുടെ കയ്യിലെ കളിപ്പാവയാണെന്ന് ചിന്തിക്കുന്ന വ്യക്തിയില്‍ അമിതസമ്മര്‍ദ്ദവും ആശങ്കയും വിട്ടൊഴിയാനിടയില്ല. മതാരാധനയിലൂടെ വിശ്വാസി നേടിയെടുക്കുന്നതൊക്കെ മതവിശ്വാസത്തിലൂടെ നഷ്ടപ്പെടുത്തിയത് മാത്രമാകുന്നു. മതാരഹിതനായ യാഥാര്‍ത്ഥ്യബോധമുള്ള ഒരു മനുഷ്യന്‍ നേടിയെടുക്കുന്ന മാനസിക കരുത്തും ആത്മവിശ്വാസവും സംതുലിതാവസ്ഥയുമാണ് വിശ്വാസി പണവും ഊര്‍ജ്ജവും സമയവും ചെലവഴിച്ച് 'മതമാര്‍ഗ്ഗ'ത്തിലൂടെ നേടിയെടുക്കുന്നത്. വഴിപാട് കഴിച്ചും തുലാഭാരം നടത്തിയും ആത്മവിശ്വാസം നേടുന്നതായി വീരവാദമടിക്കുന്ന വിശ്വാസി തന്നെ സംസാരഭാഷയില്‍ പലപ്പോഴും 'ഒക്കെ വെറും വഴിപാടുപോലെ ആയിപ്പോയി' എന്നു മൊഴിയുന്നതും കാണാം.

Shakunthala
 cursed by Durvasa
അമിതസമ്മര്‍ദ്ദം പ്രശ്‌നഹേതുവാണെന്ന് ആര്‍ക്കുമറിയാം. അമിതമായാല്‍ എല്ലാം മോശമാണെന്നോര്‍ക്കുക. ശ്വാസനിയന്ത്രണവും ധ്യാനവുമൊക്കെ മാനസികസമ്മര്‍ദ്ദം താല്‍ക്കാലികമായി മരവിപ്പിക്കാന്‍ സഹായിക്കുന്ന വ്യതിയാന തന്ത്രങ്ങളാണ്(Diversion Techniques). ഭൗതികവും ശാരീരികവുമായ ഉപായങ്ങളാണിവ. സമ്മര്‍ദ്ദത്തിന്റെ യഥാര്‍ത്ഥകാരണം കണ്ടെത്തി ലഘൂകരിക്കുകയല്ല മറിച്ച് കുറേസമയത്തേക്ക് മനസ്സിന്റെ ശ്രദ്ധ വ്യതിചലിപ്പിച്ച് ആശ്വാസം നല്‍കുകയാണിവിടെ സംഭവിക്കുന്നത്. അതിന് ധ്യാനവും യോഗയും തന്നെ വേണമെന്നില്ല. മദ്യവും മയക്കുമരുന്നും ഇതേ ധര്‍മ്മം നിര്‍വ്വഹിക്കും. അവ ആരോഗ്യത്തിന് കുറേക്കൂടി ഹാനികരമാണെന്നാണെങ്കില്‍ മതം വ്യക്തിക്കും സമൂഹത്തിനും ദോഷകരമായിത്തീരുന്നു. ധ്യാനത്തിലൂടെ മനോനിയന്ത്രണം കൈവരിക്കാമെങ്കില്‍ ധ്യാനിക്കുന്നവര്‍ക്കെല്ലാം സ്ഥായിയായി ആ ഗുണമുണ്ടാകേണ്ടതാണ്. സന്യാസിമാര്‍ക്കും മതനേതാക്കള്‍ക്കും അസാമാന്യ മനോനിയന്ത്രണമുണ്ടാകണം.തെളിവ് പിണങ്ങി മാറുന്നതിനാല്‍ പരിശോധിച്ചുറപ്പിക്കേണ്ട വിഷയമാണിത്. ആധുനിക സന്യാസിമാരുടെ കാര്യം തീരെ ആശാവഹമല്ല. സ്പര്‍ദ്ധ മൂത്ത് വിറകു കൊള്ളികൊണ്ട് പരസ്പരം തല തല്ലിപ്പൊളിക്കുന്ന ശിവഗിരിയിലെ സ്വാമിമാര്‍ തൊട്ട് ക്രിമിനല്‍പശ്ചാത്തലമുള്ള ആത്മീയഗുരുക്കന്‍മാര്‍വരെ കടുത്തനിരാശ സമ്മാനിക്കുന്ന മേഖലയാണിത്. പുരാണകഥകളില്‍ തിരഞ്ഞാലും പ്രതീക്ഷ കലങ്ങും. പരശുരാമന്‍, വിശ്വാമിത്രന്‍, ദുര്‍വാസാവ്, വിഭാണ്ഡകന്‍,...തുടങ്ങിയ താപസശ്രേഷ്ഠന്‍മാരുടെ ആത്മനിയന്ത്രണവും വൈകാരികപക്വതയും കുതിരയുടെ കൊമ്പ് പോലെ വെട്ടിത്തിളങ്ങും.

മതം അവതരിപ്പിക്കുന്ന ദിവ്യശക്തി ജഡമാണ്;അത്ഭുതങ്ങള്‍ നുണകളും. അര്‍ബുദം വരെ നുള്ളിയെടുക്കുന്ന ധ്യാനകേന്ദ്രങ്ങള്‍ വരട്ടുചൊറിയെങ്കിലും ചികിത്സയില്ലാതെ ഭേദമാക്കിയാല്‍ സംശയാലുക്കള്‍ മാപ്പിരക്കും. ബൈപ്പാസ് ശസ്ത്രക്രിയയ്ക്കായി സുവിശേഷകര്‍ മുതല്‍ പോപ്പുമാര്‍ വരെ നെട്ടോട്ടമോടുമ്പോള്‍ അതെല്ലാം സ്വപ്നമായി തുടരും. മതം മതപ്രാചാരകര്‍ക്ക് ആശ്വാസം കൊണ്ടുവരുന്നുണ്ട്. പാറപ്പണിയൊന്നും ചെയ്ത് ദേഹം വിയര്‍ക്കേണ്ടി വരുന്നില്ല എന്ന മനസമാധാനം അത്ര നിസ്സാരമാണോ? നാസ്തികരാകട്ടെ 'ദൈവഭയം'കാരണം സ്വസ്ഥമായി ജീവിക്കുന്നു. വ്യക്തിക്കും സമൂഹത്തിനും ഇത്രയുമധികം പരിക്കേല്‍പ്പിക്കുന്ന കഥാപാത്രം ദൈവത്തെപ്പോലെ വേറെയില്ലെന്ന് ബോധ്യമുള്ളതിനാലാണ് അവര്‍ ദൈവത്തെ 'ഭയക്കുന്നത്'. ഈ ദൈവഭയം ഇല്ലാതിരുന്നെങ്കില്‍ നാസ്തികരെല്ലാം മതത്തിലേക്ക് മാര്‍ച്ചു ചെയ്യുമായിരുന്നു.****

അവലംബം- 'മതം സമാശ്വസിപ്പിക്കുമോ?'(നാസ്തികനായ ദൈവം)